സ‍ര്‍ക്കാരിനെ തൊടാനാവാത്ത ദേഷ്യത്തിന് സ്പീക്കറെ തല്ലുന്നു; ഗോഡ് ഫാദറിലെ രംഗം ഉദ്ധരിച്ച് സ്പീക്കറുടെ പരിഹാസം

Published : Jan 21, 2021, 01:55 PM IST
സ‍ര്‍ക്കാരിനെ തൊടാനാവാത്ത ദേഷ്യത്തിന് സ്പീക്കറെ തല്ലുന്നു; ഗോഡ് ഫാദറിലെ രംഗം ഉദ്ധരിച്ച് സ്പീക്കറുടെ പരിഹാസം

Synopsis

ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയെടാ, അഴിമതിയുണ്ടെങ്കിൽ തെളിയിക്കെടാ, അടിക്കാൻ പറ്റുമെങ്കിൽ അടിക്കെടാ എന്ന്. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാനോ മറുപടി പറയാനോ പറ്റാത്ത അരിശത്തിന് സ്പീക്കറെ കേറി അടിച്ചു. അതാണ് ഈ അടിയന്തരപ്രമേയം...

തിരുവനന്തപുരം: സ്പീക്കര്‍ സ്ഥാനത്ത് നിന്നും പി.ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎ എം ഉമ്മര്‍ കൊണ്ടു വന്ന അടിയന്തര പ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോഴും കെ.എസ്.യു സംസ്ഥാന അധ്യക്ഷനെ പോലെയാണ് സംസാരിക്കുന്നത്. കെ.എസ്.യു നേതാവിൽ നിന്നും അദ്ദേഹം ഇനിയും വളര്‍ന്നിട്ടില്ല. പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ കഥകളിയിലെ പകര്‍ന്നാട്ടക്കാരനെ പോലെയാണെന്നും സ്പീക്കര്‍ തിരിച്ചടിച്ചു. 

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ്റെ നിയമസഭയിൽ പറഞ്ഞത് - 

വിഭിന്ന സ്വരങ്ങളെ അവഗണിക്കാനും അടിച്ചൊതുക്കാനും ശ്രമിക്കുന്ന ഈ കാലത്ത് ഇങ്ങനെയൊരുപ്രമേയം കേരള നിയമസഭ ചര്‍ച്ച ചെയ്തതിൽ സന്തോഷമുണ്ട്. വേണമെങ്കിൽ ഈ ചര്‍ച്ച ഒഴിവാക്കാമായിരുന്നു. എന്നാൽ നമ്മുടെ നിയമസഭാ ജനാധിപത്യമൂല്യം ഉയര്‍ത്തി പിടിക്കണം എന്നതിനാലാണ് ഈ പ്രമേയം ചര്‍ച്ച ചെയ്യാൻ തീരുമാനിച്ചത്. 

1980-കളിൽ ഞാൻ പെരിന്തൽമണ്ണയിൽ സ്കൂൾ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ചെന്നിത്തല സിന്ദാബാദ് എന്നു വിളിച്ചു പറഞ്ഞു കൊണ്ട് കെ.എസ്.യുക്കാര്‍ പ്രകടനം വിളിച്ചു പോകുന്നത് കാണാറുണ്ട്. ചെന്നിത്തല ഒരു സ്ഥലമാണോ ഒരു മനുഷ്യനാണോ എന്നെനിക്ക് അറിയില്ലായിരുന്നു. അങ്ങനെ അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ ഞാൻ പോയി. തെങ്ങിൻ്റ കുലയ്ക്കും, മനുഷ്യൻ്റെ തലയ്ക്കും വിലയില്ലാത്ത നായനാരുടെ ഭരണം എന്നൊരു പ്രയോഗം അദ്ദേഹം അന്ന് നടത്തി. ആ കെഎസ്.യു അധ്യക്ഷനിൽഅദ്ദേഹം ഇന്നുംവളര്‍ന്നിട്ടില്ല. അദ്ദേഹത്തിന് വിമര്‍ശിക്കും ആരോപണം ഉന്നയിക്കാം എന്നാൽ അതിന് നിലവാരം വേണം. അദ്ദേഹം പറയുന്ന പോലെ കുട്ടികളുടെ ലൈബ്രറി തകര്‍ത്തിട്ടില്ല, എംഐടി അഞ്ച് കോടി കൊടുത്തുവെന്ന് പറയുന്നു പത്ത് പൈസ കൊടുത്തതായി തെളിയിച്ചാൽ ഈ പണി ഞാൻ നിര്‍ത്തും. മറ്റന്നാൾ നിയമസഭാ ചേരാൻ നിൽക്കുമ്പോൾ ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യല്ലിന് എത്തണമെന്ന് പറയുന്നത് മര്യാദയല്ല. ചോദ്യം ചെയ്യല്ലിന് പോകില്ല എന്നല്ല എട്ടാം തീയതി ഹാജരാവാം എന്ന് അവിടെ അറിയിക്കുകയാണ് ചെയ്തത്. കൂടെ നിയമസഭയിൽ വച്ച് ചോദ്യം ചെയ്യുവാൻ സ്പീക്കറുടെ അനുമതി വേണം എന്ന് അവരെ രേഖാമൂലം അറിയിക്കുകയാണ് ചെയ്തത്.

പ്രഗൽഭനായ നേതാവിൻ്റെ മകനാണ് മുനീര്‍. അദ്ദേഹം പക്ഷേ കഥകളി നടൻമാരെ പോലെ പച്ചയും കത്തിയും വേഷം കൈകാര്യം ചെയ്യുന്ന നല്ലൊരു പകര്‍ന്നാട്ടക്കാരനാണ്. പത്രത്തിൽ എനിക്കെതിരെ വാര്‍ത്തകൾ ഞാൻ നിഷേധിച്ചില്ല മറുപടി പറഞ്ഞില്ല. എനിക്ക് അതിന് സൗകര്യമില്ല. പത്ര വാര്‍ത്തഅടിസ്ഥാനമാക്കി പലതും ചെയ്ത ചരിത്രം നിങ്ങൾക്കുണ്ടാവും. അടിയന്തര പ്രമേയത്തിന് അടിസ്ഥാനമായി പറഞ്ഞ പലതും യുക്തിരഹമായ കാര്യങ്ങളാണ്. 

കേട്ടുകേൾവികളുടേയും വില കുറഞ്ഞ ആരോണങ്ങളുടേയും ബലത്തിലാണ് പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷമെന്ന നിലയിൽ നിങ്ങൾക്ക് അഭിമാനിക്കാം. ഇതൊരു കീഴ്വഴക്കമാവരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതു ജനാധിപത്യത്തെ തകര്‍ക്കും. കഴിഞ്ഞ നാലരവര്‍ഷത്തിൽ ഇവിടെ ഒരു അനീതിയും സ്പീക്കറുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല

ഗോഡ്ഫാദര്‍ എന്ന സിദ്ധീഖ് ലാൽ ചിത്രത്തിൽ ഒരു രംഗമുണ്ട്. അതിൽ ഇന്നസെൻ്റെ അവതരിപ്പിക്കുന്ന മകൻ കഥാപാത്രം അച്ഛനറിയാതെ ഭാര്യയുമായി ജീവിക്കുകയാണ് എന്നറിഞ്ഞ് അദ്ദേഹം മകനേയും കൂട്ടി അത് അന്വേഷിക്കാൻ പോകുന്നുണ്ട്. അവിടെ വച്ച് താൻ എൻ.എൻ.പിള്ളയുടെ മകനല്ലെന്നും മറ്റൊരാളാണെന്നുമുള്ള തരത്തിൽ ഇന്നസെൻ്റ അഭിനയിക്കുമ്പോൾ ഞാൻ നിൻ്റെ അച്ഛനല്ലെങ്കിൽ എൻ്റെ മുഖത്ത് അടിക്കടാ എന്ന് എൻഎൻ പിള്ളയുടെ കഥാപാത്രം പറയും അപ്പോൾ സഹികെട്ട് തൻ്റെ അനിയൻ കഥാപാത്രത്തെ ഇന്നസെൻ്റെ അടിക്കും.

അതേഅവസ്ഥയാണ് ഇവിടെ.. ഈ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങൾക്ക് പറയാനുണ്ടെങ്കിൽ പറയെടാ, അഴിമതിയുണ്ടെങ്കിൽ തെളിയിക്കെടാ, അടിക്കാൻ പറ്റുമെങ്കിൽ അടിക്കെടാ എന്ന്. പക്ഷേ വെല്ലുവിളി ഏറ്റെടുക്കാനോ മറുപടി പറയാനോ പറ്റാത്ത അരിശത്തിന് സ്പീക്കറെ കേറി അടിച്ചു. അതാണ് ഈ അടിയന്തരപ്രമേയം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു
'കോർപ്പറേഷൻ കറവപ്പശുവല്ല, അഴിമതി അനുവദിക്കില്ല'; ഉദ്യോഗസ്ഥർക്ക് നിർദേശവുമായി വിവി രാജേഷ്