കൂടുതൽ അക്കൗണ്ടുകളിൽ പണം നഷ്ടമായോ? പഞ്ചാബ് നാഷണൽ ബാങ്കിൽ പ്രത്യേക സംഘത്തിൻ്റെ ഓഡിറ്റ് തുടരുന്നു

By Web TeamFirst Published Dec 2, 2022, 8:31 PM IST
Highlights

ബാങ്കിന്‍റെ സ്റ്റേറ്റ്മെന്‍റുകളില്‍ ഉള്‍പ്പെടെ കൃത്രിമം നടന്നെന്നും ഒരാള്‍ മാത്രമാണോ തട്ടിപ്പിന് പിന്നിലെന്ന് പറയാനാകില്ലെന്നും കോഴിക്കോട് മേയര്‍


കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേത് സമാനമായ രീതിയില്‍ മറ്റ് അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ഓഡിറ്റ് വിഭാഗം പരിശോധന ആരംഭിച്ചു.   ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നെത്തിയ സംഘം പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലിങ്ക് റോഡ്, എരഞ്ഞിപ്പാലം ശാഖകളിലും സര്‍ക്കിള്‍ ഓഫീസിലും പരിശോധന തുടരുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. 

പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി കോഴിക്കോട് കോര്‍പറേഷന് നഷ്ടമായത് 15 കോടി 24 ലക്ഷം രൂപയെന്നാണ് മേയര്‍ ബീന ഫിലിപ്പ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.  ബാങ്ക് സ്റ്റേറ്റുമെന്‍റുകളിലുള്‍പ്പെടെ കൃത്രിമം നടത്തിയായിരുന്നു തട്ടിപ്പെന്നും മേയര്‍ പറഞ്ഞു. 

ദിവസങ്ങള്‍ നീണ്ട കണക്കെടുപ്പിനൊടുവില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് നഷ്ടപ്പെട്ട തുക എത്രയെന്ന് കോര്‍പറേഷന്‍ അധികൃതര്‍ തിട്ടപ്പെടുത്തി. ആകെ നഷ്ടപ്പെട്ടത് ഏഴ് അക്കൗണ്ടുകളില്‍ നിന്നായി 15 കോടി 24 ലക്ഷം രൂപയിലേറെ. കുടുംബശ്രീ ഫണ്ടില്‍ നിന്ന് 10 കോടി രൂപ നഷ്ടപ്പെട്ടപ്പോള്‍ എംപി ഫണ്ട്, എംഎല്‍ എ ഫണ്ട്, കോര്‍പറേഷന്‍ വിവിധ ക്ഷേമ പദ്ധതികള്‍ക്കായി കരുതി വച്ചിരുന്ന തുക ഉള്‍പ്പെടെയാണ് മറ്റ് അക്കൗണ്ടുകളില്‍ നിന്ന് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട തുക മൂന്ന് ദിവസത്തിനകം തിരികെ നല്‍കുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതായി മേയര്‍ പറഞ്ഞു. 

ബാങ്കിന്‍റെ സ്റ്റേറ്റ്മെന്‍റുകളില്‍ ഉള്‍പ്പെടെ കൃത്രിമം നടന്നെന്നും ഒരാള്‍ മാത്രമാണോ തട്ടിപ്പിന് പിന്നിലെന്ന് പറയാനാകില്ലെന്നും പറഞ്ഞ മേയര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവും ഉന്നയിച്ചു. അതേസമയം

കോര്‍പറേഷന്‍റെ വിവിധ അക്കൗണ്ടുകളില്‍ നിന്ന് രെജില്‍ പിതാവിന്‍റെ പേരിലുളള അക്കൗണ്ടിലേക്കും ആക്സിസ് ബാങ്കിലെ സ്വന്തം പേരിലുളള അക്കൗണ്ടിലേക്കും എത്ര തുക മാറ്റിയെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. കോര്‍പറേഷന് പുറമെ മറ്റാര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടോ എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.  രെജിലിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതിനിടെ, തട്ടിപ്പില്‍ പ്രതിഷേധിച്ച് ഇടതു കൗണ്‍സിലര്‍മാര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ലിങ്ക് റോഡ് ശാഖയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തി.

click me!