ശബരിമല ക്ഷേത്രഭരണത്തിന് പ്രത്യേക നിയമം; ചർച്ചകൾ തുടങ്ങി

By Web TeamFirst Published Nov 22, 2019, 8:43 AM IST
Highlights

ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേകബോ‍ർഡ് വേണോ, ദേവസ്വം ബോർഡിന് കീഴിൽ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചർച്ച.

തിരുവനന്തപുരം: ശബരിമലയ്ക്കായി പ്രത്യേകനിയമം കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ തുടങ്ങി. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേകബോ‍ർഡ് വേണോ, ദേവസ്വം ബോർഡിന് കീഴിൽ അതോറിറ്റി വേണോ എന്ന കാര്യത്തിലാണ് ചർച്ച.

ഗുരുവായൂർ, തിരുപ്പതി മാതൃകയിൽ പ്രത്യേകബോർഡ് വേണമെന്ന നിർദ്ദേശമാണ് സുപ്രീംകോടതി നൽകിയിരിക്കുന്നത്. പ്രത്യേകനിയമത്തിന്റെ കരട് നാലാഴ്ചക്കകം നൽകണമെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലോചനകൾ സജീവമാക്കിയത്. പ്രത്യേകബോർഡ് രൂപീകരിച്ചാൽ തിരുവിതാംകൂർ ദേവസ്വം ബോർ‍ഡിന് കനത്ത തിരിച്ചടിയാകും. ശബരിമല ക്ഷേത്രത്തിലെ വരുമാനത്തെ ആശ്രയിച്ചാണ് മറ്റ് 1250 ക്ഷേത്രങ്ങളുടെ പ്രവർത്തനം. 58 ക്ഷേത്രങ്ങൾ മാത്രമാണ് സ്വയംപര്യാപ്തം. അതിനാൽ പ്രത്യേകബോർഡ് രൂപീകരിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോ‍ർഡിന് എതിർപ്പുണ്ട്.

എന്നാൽ, കോടതി ഉത്തരവ് നടപ്പിലാക്കാതിരിക്കാൻ സർക്കാരിനാകില്ല. അതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാഹചര്യംകൂടി കണക്കിലെടുത്ത് ബോർഡിന് കീഴിലുള്ള അതോറിറ്റിക്ക് ശബരിമല ക്ഷേത്രഭരണം മാറ്റാൻ കഴിയുമോ എന്ന കാര്യമാണ് പരിശോധിക്കുന്നത്. മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് നാലിനെ മടങ്ങിവരൂ അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുക.

click me!