അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘം

By Web TeamFirst Published Jul 21, 2021, 3:39 PM IST
Highlights

മരണത്തിന് ആറുമണിക്കൂർ മുമ്പ് സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടത്തിനായി വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ രൂപീകരിക്കുന്നത്.

കൊച്ചി:  ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ അനന്യയുടെ പോസ്റ്റ്മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വിദഗ്ധ ഡോക്ട‍ർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തുമെന്ന് കളമശ്ശേരി പൊലീസ് അറിയിച്ചു. 

മരണത്തിന് ആറുമണിക്കൂർ മുമ്പ് സാമൂഹിക മാധ്യമങ്ങളിലിട്ട വീഡിയോയിലടക്കം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയായ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അനന്യ ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്മോർട്ടത്തിനായി വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെ രൂപീകരിക്കുന്നത്. മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവി ടീം അംഗങ്ങളെ തീരുമാനിക്കും. ഇതേ സംഘത്തിന്റെ സാന്നിധ്യത്തിൽ തന്നെയാകും ഇൻക്വസ്റ്റ് നടപടികളെന്നും കളമശ്ശേരി പൊലീസ് പറഞ്ഞു. 

ലിംഗമാറ്റ ശാസ്ത്രക്രിയ നടത്തിയ റിനെ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അനന്യയുടെ അച്ഛനും രംഗത്തെത്തിയിരുന്നു. അതേസമയം ശസ്ത്രക്രിയയെ തുടർന്നുണ്ടാകുന്ന മാനസിക ശാരീരിക വെല്ലുവിളികളുടെ സാധ്യത അനന്യയെ നേരത്തെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഒരു വർഷത്തിനിടെ, ശസ്ത്രക്രിയയിലെ പാളിച്ച കാണിച്ച് അനന്യ ഔദ്യോഗികമായൊരു പരാതിയും നൽകിയിട്ടില്ല. മെഡിക്കൽ ബോർഡ് കൂടി ഇക്കാര്യത്തിൽ ഔദ്യോഗിക വാർത്താക്കുറിപ്പിറക്കുമെന്നും ആശുപത്രി അറിയിച്ചു.

Read Also: അനന്യയുടെ ആത്മഹത്യ; സമഗ്രാന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പ്, 23ന് ട്രാന്‍സ്‍ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!