ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 15 ശതമാനം സീറ്റ്

By Web TeamFirst Published Jun 8, 2019, 6:03 PM IST
Highlights

സുപ്രീം കോടതി ഉത്തരവ് വഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇത്തവണ കേരളത്തിലെ കോളേജുകളിലേക്ക് അപേക്ഷിച്ചത് 7300 വിദ്യാർത്ഥികളാണ്

ദില്ലി: ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കായി സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 15 ശതമാനം സീറ്റ് പ്രത്യേക ക്വാട്ടയായി നിശ്ചയിക്കാൻ സർക്കാർ തലത്തിൽ ധാരണ. ഫീസും പ്രവേശനവും സർക്കാറിന്‍റെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഇതാദ്യമായാണ് ഇതര സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് സ്വാശ്രയ കോളേജിൽ പ്രവേശനം കിട്ടുന്നത്.

ഇതര സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശന ഉത്തരവ് മറയാക്കി സർക്കാരിനെ സമ്മർദ്ദത്തിലാക്കാനായിരുന്നു സ്വാശ്രയ മാനേജ്മെന്റുകളുടെ നീക്കം. മാനേജ്മെന്റുകളുടെ അപേക്ഷയിലായിരുന്നു കോടതി ഉത്തരവ്. സുപ്രീം കോടതി ഉത്തരവ് വഴി മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇത്തവണ കേരളത്തിലെ കോളേജുകളിലേക്ക് അപേക്ഷിച്ചത് 7300 വിദ്യാർത്ഥികളാണ്. 

ഇവരുടെ പ്രവേശനവും ഫീസും നിശ്ചയിക്കാനുള്ള അധികാരം വേണമെന്നായിരുന്നു മാനേജ്മെൻറുകളുടെ ആവശ്യം. ഇതരസംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്നെല്ലാതെ മറ്റ് പ്രവേശന നടപടികളെക്കുറിച്ച് കോടതി ഉത്തരവിൽ വ്യക്തത ഉണ്ടായിരുന്നില്ല. 

സർക്കാർ മെഡിക്കൽ കോളേജിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട മാതൃകയിൽ ഇതരസംസ്ഥാന വിദ്യാർത്ഥികൾക്ക് സ്വാശ്രയ കോളേജിൽ 15 ശതമാനം ക്വാട്ട നിശ്ചയിക്കാനാണ് സർക്കാർ ധാരണ. ഉടൻ ഉത്തരവിറങ്ങും. ഫീസ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ തന്നെ നിശ്ചയിക്കും. പ്രവേശനം നീറ്റ് റാങ്ക് പട്ടിക അനുസരിച്ച് സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തന്നെ നടത്തും. 

മാനേജ്മെന്റുകളുടെ ആഗ്രഹം നടന്നില്ലെന്ന് മാത്രമല്ല, 15 ശതമാനം സീറ്റ് സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന സ്ഥിതിയുമായി. അതേ സമയം സർക്കാർ നിലപാടിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ട്. കോടതി ഉത്തരവ് വൈകി വന്നത് കാരണമാണ് ഇത്തവണ അപേക്ഷകരുടെ എണ്ണം കുറഞ്ഞത്. 

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫീസ് കുറവായതിനാൽ അടുത്ത വർഷം മുതൽ ഇതരസംസ്ഥാന വിദ്യാർത്ഥികളുടെ വൻ ഒഴുക്ക് സർക്കാർ പ്രതീക്ഷിക്കുന്നു. അതിനിടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി അനുവദിച്ച അധികം സീറ്റ് ലഭ്യമാക്കാനായി സർക്കാർ മെഡിക്കൽ കൗൺസിലിനെ ഉടൻ സമീപിക്കും. 

click me!