മരണമാല്യങ്ങളെ തടയാം, സമത്വത്തിൻ്റെ ആദ്യപാഠങ്ങൾ വീട്ടിൽ നിന്നും തുടങ്ങാം (special show)

By Web TeamFirst Published Jul 1, 2021, 5:31 PM IST
Highlights

സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അസമത്വങ്ങളെ സൂഷ്മതലത്തിൽ ച‍ർച്ചയാക്കി ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക സംവാദ പരിപാടി മരണമാല്യം.


സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അസമത്വങ്ങളെ സൂഷ്മതലത്തിൽ ച‍ർച്ചയാക്കി ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക സംവാദ പരിപാടി മരണമാല്യം. വിസ്മയ കേസിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസ് മരണമാല്യം എന്ന പേരിൽ ച‍ർച്ച ചെയ്ത വിവിധ സ്ത്രീധനമരണങ്ങളും ​ഗാ‍ർഹിക പീഡനങ്ങളും പ്രത്യേക പരിപാടിയിൽ ചർച്ചയായി. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആ‍ർ.ബിന്ദു, കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, സിപിഎം നേതാവ് പി.കെ.ശ്രീമതി, ചലച്ചിത്ര നടി രഞ്ജനി എന്നിവർ പരിപാടിയിൽ സംസാരിച്ചു. 

ആ‍ർ.ബിന്ദു (ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി) 

നമ്മുടെ സമൂഹത്തിൽ സ്ത്രീയുടെ പദവി ഇപ്പോഴും രണ്ടാംതരമായി തുടരുന്നു എന്നതാണ് സ്ത്രീധന/വൈവാഹിക പ്രശ്നങ്ങളെ തുട‍ർന്നുള്ള മരണങ്ങളും പീഡനങ്ങളും. അങ്ങേയറ്റം പഴകിയതും അസമത്വവും ലിം​ഗഭേദവും നിറഞ്ഞ കുടുംബ/സാമൂഹിക സംവിധാനമാണ് ഇവിടെ നിലനിൽക്കുന്നത്. സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടികൾ ബലി കൊടുക്കപ്പെടുക്കേണ്ടി വരുന്ന അവസ്ഥ അങ്ങേയറ്റം അപമാനകരമാണ്. സമൂഹത്തിൻ്റെ പൊതുബോധത്തിൽ ഇവിടെ മാറ്റം വരണം. സ്ത്രീകൾക്കെതിരായ ഒരുപാട് അതിക്രമങ്ങൾ നടക്കുന്നുണ്ട്. പെൺഭ്രൂണഹത്യ മുതൽ പെൺവാണിഭം വരെ നേരിടാൻ നിയമമുണ്ട്. 

എന്നിട്ടും എല്ലാ രീതിയിലും സ്ത്രീകൾക്കെതിരെ അക്രമങ്ങളും അനീതിയും തുടരുന്നു. വിവാഹം കുടുംബം തുടങ്ങിയ ഇടങ്ങൾ സമത്വത്തിൻ്റെ അടിസ്ഥാനത്തിൽ നമ്മൾ പുനർനിശ്ചയിക്കേണ്ടതുണ്ട്. പെൺകുട്ടി ഒരു ബാധ്യതയല്ല, ആസ്തിയാണ് എന്ന കാഴ്ചപ്പാട് ഉണ്ടാവണം. ഭ‍ർത്താവിൻ്റെ വീട്ടിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായി മകൾ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നാൽ അവളുടെ പ്രശ്നം എന്താണെന്നറിയുന്നതിലേറെ നാട്ടുകാർ എന്തു പറയും എന്നതാണ് പല മാതാപിതാക്കൾക്കും പ്രശ്നം. ​സ്ത്രീകളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ അറിയാനും അഡ്രസ് ചെയ്യാനുമുള്ള സംവിധാനം നമ്മുക്ക് ഒരുക്കേണ്ടതുണ്ട്. വിവിധ ഓൺലൈൻ സംവിധാനങ്ങളും കൗൺസിലിം​ഗ് കേന്ദ്രങ്ങളും സംസ്ഥാന സർക്കാരിന് കീഴിലുണ്ട്. ഇതോടൊപ്പം വനിതാ കമ്മീഷനെ ശക്തിപ്പെടുത്തേണ്ടതും വളരെ അനിവാര്യമാണ്. പിങ്ക് പൊലീസ് സംവിധാനവും കൂടുതൽ വനിതാ പൊലീസ് സ്റ്റേഷനുകളും വേണം. പൊലീസ് സ്റ്റേഷനുകൾ കൂടുതൽ വനിത സൗഹൃദ​മാക്കണം. കോടതികളും സ്ത്രീകൾക്ക് ഇടപെടാവുന്ന രീതിയിൽ മാറണം. 

രഞ്ജനി (ചലച്ചിത്രതാരം)

സ്ത്രീകളെന്നാൽ ക്ഷമിക്കാൻ വിധിക്കപ്പെട്ടവളാണ് എന്നൊരു ധാരണ ഈ സമൂഹം സൃഷ്ടിച്ചിട്ടുണ്ട്. ഞാനൊക്കെ ജനിച്ച നാൾ മുതൽ സ്ത്രീധനം എന്ന വിഷയമുണ്ട്. സാമ്പത്തികമായി അൽപം പിന്നിൽ നിൽക്കുന്ന വീട്ടിൽനിന്നും ഒരു പെൺകുട്ടി അൽപം സാമ്പത്തികമുള്ള വീട്ടിലേക്ക് കല്ല്യാണം കഴിച്ചുപോയാൽ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. വല്ലാത്ത അസമ്വതമാണ് ഇവിടെ നിലനിൽക്കുന്നത്. സത്രീധനം എന്ന വ്യവസ്ഥ മാറിയേപ്പറ്റൂ. ഇക്കാര്യത്തിൽ പുതിയ തലമുറയ്ക്ക് കൃത്യമായ ബോധവും നിലപാടും ഉണ്ട്. ​ഗാ‍ർഹിക പീഡനം എന്താണെന്ന് മക്കളെ ബോധ്യപ്പെടുത്താൻ മാതാപിതാക്കൾക്ക് സാധിക്കണം. ഭർത്താവിൻ്റെ വീട്ടിൽ നിന്നും പീഡനമേറ്റ് ഒരു പെൺകുട്ടി തിരിച്ചു വന്നാൽ അവളെ സ്വീകരിക്കാൻ മാതാപിതാക്കൾ തയ്യാറാവണം ഒരു വ്യക്തിയായി ആദ്യം അവളെ അം​ഗീകരിക്കണം. 

ഷാനിമോൾ ഉസ്മാൻ (കോൺ​ഗ്രസ്)

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ ഇങ്ങനെയൊരു സാമൂഹിക വിപത്തിനെതിരെ നിരന്തരം വാർത്തകൾ ചെയ്ത ഏഷ്യാനെറ്റ് ന്യൂസിനെ ആ​ദ്യം പ്രശംസിക്കുന്നു. 25 വ‍ർഷമായി നമ്മൾ ചെയ്യുന്ന അതേ പ്രശ്നങ്ങളെയാണ് ഇപ്പോഴും നമ്മൾ ചർച്ച ചെയ്യുന്നത്. രാജ്യത്ത് സ്ത്രീസമത്വത്തിലടക്കം കേരളം ബഹുദൂരം മുന്നിലാണന്ന് നാം പറയാറുണ്ട്. എന്നാൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് സ്ത്രീകൾക്കെതിരെ രാജ്യത്തേറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത് കേരളത്തിലാണ്. മണിപ്പൂർ അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ത്രീധനം എന്നൊരുസംവിധാനം പോലുമില്ല. ലക്ഷദ്വീപിലും സ്ത്രീധനമില്ല. പെൺകുട്ടികൾ ക്ലാസെടുക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അതാണോ വേണ്ടത്. ആൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കുമാണ് ഇവിടെ ക്ലാസ് എടുക്കേണ്ടത്. മറ്റൊരാളുടെ അധ്വാനത്തെ ഊറ്റിയല്ല ജീവിക്കേണ്ടത് എന്ന് ഇവിടുത്തെ ആൺകുട്ടികളെ പഠിപ്പിക്കണം. 

ഡോ. എൽസി ഉമ്മൻ, സൈക്യാട്രിസ്റ്റ് 

എവിടെയാണ് മാറ്റം വരേണ്ടത് എന്നതാണ് പ്രധാനചോ​ദ്യം. എൻ്റെ അഭിപ്രായത്തിൽ മാറ്റം വരേണ്ടത് കുടുംബങ്ങളിൽ നിന്നാണ്. ആത്മധൈര്യത്തോടെ ഒരു പെൺകുട്ടി ജീവിച്ചു തുടങ്ങിയാൽ അവൾ തൻ്റേടിയാണ് അല്ലെങ്കിൽ അഹ​ങ്കാരിയാണ് എന്നാണ്. ഇതേ ക്വാളിറ്റി ഒരു ആൺകുട്ടിക്ക് ഉണ്ടെങ്കിൽ അതൊരു അലങ്കാരമാണ്. എന്താണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. നല്ലൊരു വരനെ കിട്ടുക എന്നതാണോ. ഇതൊക്കെ ഇവിടെ മാറേണ്ടതായിട്ടുണ്ട്. 

അഡ്വ.പി.കെ.നിർമ്മല (ബാർ അസോസിയേഷൻ സെക്രട്ടറി)

സ്ത്രീധനനിയമത്തിലെ 2018-ലെ ഭേദ​ഗതിയിൽ സ്ത്രീധനം വിവാഹത്തിനും മുൻപും വിവാഹത്തിനും വിവാഹത്തിന് ശേഷവും സ്ത്രീ കൊണ്ടു വരുന്ന സമ്പത്ത് എന്നാണ് നിഷ്കർഷിക്കുന്നത്. വിവാഹസമയത്ത് വധുവിൻ്റെ പിതാവ് വാങ്ങി നൽകുന്ന സ്വർണവും മറ്റു വസ്തുക്കളുമാണ് നമ്മൾ സ്ത്രീധനം എന്ന് പൊതുവിൽ ഉദ്ദേശിക്കുന്നത്. എന്നാൽ പുതിയ നിയമത്തിൽ സ്ത്രീധനത്തിന് വിപുലമായ അർത്ഥതലങ്ങളുണ്ട്. വിവാഹദിവസം വധു കൊണ്ടു വരുന്നതെല്ലാംനിയമപ്രകാരം രജിസ്റ്റർ ചെയ്യണം എന്നുണ്ട്. എന്നാൽ അതൊന്നുംനടക്കുന്നില്ല. സ്ത്രീ അപകടപ്പെട്ടതിന് ശേഷം എന്തു ചെയ്യണം എന്നല്ല. സ്ത്രീകൾ ഇത്തരം അപകടങ്ങളിൽ പോയി കുടുങ്ങാതിരിക്കാൻ എന്തു ചെയ്യണം എന്നാണ് ആദ്യം ആലോചിക്കേണ്ടത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!