സെക്രട്ടേറിയേറ്റിലെ തീപിടിത്തം: എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും

By Web TeamFirst Published Aug 25, 2020, 9:15 PM IST
Highlights

എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്പെഷ്യൽ സെൽ എസ്പിവി അജിത്തിനാണ് അന്വേഷണ ചുമതല.

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സ്പെഷ്യൽ സെൽ എസ്പിവി അജിത്തിനാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലം വീഡിയോ ഗ്രാഫി ചെയ്യുകയാണ്.

സംഭവത്തിൽ ഉദ്യോഗസ്ഥ തലസമിതിയും അന്വേഷണം നടത്തും. ദുരന്ത നിവാരണ കമീഷണർ എ. കൗശികൻറെ നേതൃത്വത്തിൽ ആണ് സമിതിക്കാണ് ചുമതല. തീപ്പിടുത്തത്തിന് കാരണം, നഷ്ടം, കത്തിയ ഫയലുകൾ ഏതൊക്കെ, അട്ടിമറി ഉണ്ടോ, ഭാവിയിൽ തീപിടുത്തം ഒഴിവാക്കാനുള്ള മാർഗങ്ങൾ എന്നിവ പരിശോധിക്കും. 

തീപിടുത്തത്തിന് പിന്നിൽ ദുരൂഹതയും അട്ടിമറി ആരോപണവുമുന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ കോൺഗ്രസും ബിജെപിയും  പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണറുമായി കൂടിക്കാഴ്ച നടത്തി. വിഎസ് ശിവകുമാര്‍, വി ടി ബൽറാം എന്നിവരും ഒപ്പമുണ്ടായിരുന്നു. സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തമടക്കമുള്ള വിഷയമടക്കം പ്രതിപക്ഷനേതാവ് ഉന്നയിച്ചു.

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള സുപ്രധാന രേഖകളെന്നാണ് ചെന്നിത്തലയുടെ ആരോപണം. സംഭവത്തിൽ ദുരൂഹതയും അട്ടിമറി സാധ്യതയുമുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മൂന്ന് സെക്ഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. നിരവധി രഹസ്യ ഫയലുകൾ കത്തി. സംഭവത്തെ കുറിച്ച് എൻഐഎ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

പൊതുഭരണവകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലെ പ്രോട്ടോക്കോൾ അഫയേഴ്സ് സെക്ഷനിൽ വൈകീട്ട് നാലേമുക്കാലോടെയാണ് തീ പിടുത്തം ഉണ്ടായത്. സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ആദ്യം തീ അണക്കാൻ ശ്രമിച്ചു. കനത്ത പൂക മൂലം ഇവർക്ക് ഉള്ളിലേക്ക് പ്രവേശിക്കാനായില്ല. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് എത്തി അരമണിക്കൂറോളം എടുത്താണ് തീ അണച്ചത്. ചുമരിനോട് ചേർന്ന അലമാര ഫയലുകൾക്കാണ് തീ പിടിച്ചത്. സ്വർണ്ണക്കടത്തിലും ജലീൽ ഉൾപ്പെട്ട വിവാദത്തിലും കേന്ദ്ര അന്വേഷണ ഏജൻസികൾ പൊതുഭരണവകുപ്പ് കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നതോടെ തീ പിടുത്തം വലിയ രാഷ്ട്രീയവിവാദമായി

 

 

click me!