
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ താൽകാലിക നിയമനത്തിന് പാര്‍ട്ടി ലിസ്റ്റ് ആവശ്യപ്പെട്ട കത്ത് പുറത്ത് വന്നതിന് പിന്നിൽ സിപിഎം ജില്ലാ ഘടകത്തിലെ കടുത്ത വിഭാഗീയത. ആനാവൂര്‍ നാഗപ്പന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പകരം ആളാരെന്ന കിടമത്സരം നടക്കുന്നതിനിടെയാണ് പുതിയ വിവാദം. മേയറുടെ കത്ത് പുറത്ത് വന്നതിന് പിന്നാലെ ആനാവൂരിന്റെ വിശ്വസ്തനായ ഡി.ആര്‍.അനിലിന്റെ കത്തും പുറത്തുവന്നത് വിഭാഗീയയുടെ തെളിവാണ്.
ആനാവൂര്‍ നാഗപ്പനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എടുത്തിട്ട് ഒമ്പത് മാസമായി. പകരം ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലാ കമ്മിറ്റി പലതവണ ചേർന്നിട്ടും സമാവായം ഉണ്ടായില്ല. ആനാവൂര്‍ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും വി.ശിവൻകുട്ടിയും നേതൃത്വം നൽകുന്ന മൂന്ന് പ്രബല ഗ്രൂപ്പുകൾ വ്യത്യസ്ത പേരുകളുമായി നിൽക്കുന്നതാണ് തര്‍ക്കം തുടരാൻ കാരണം. വിവിധ ഗ്രൂപ്പിന്റെ പ്രതിനിധികളായി ജയൻബാബു, കെ.എസ്.സുനിൽകുമാര്‍, വി.ജോയ്, എം.വിജയകുമാര്‍ എന്നിവര്‍ രംഗത്തുണ്ട്. ഇടക്ക് ഈ പ്രശ്നത്തിൽ കോടിയേരി ബാലകൃഷ്ണൻ വരെ നേരിട്ടിടപെടുകയും ചെയ്തിരുന്നു. ജില്ലാ സെക്രട്ടറി ചര്‍ച്ചകൾ ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമാകുന്നതിനിടെയാണ് കോര്‍പ്പറേഷനിലെ കത്ത് വിവാദം.
ആനാവൂര്‍ നാഗപ്പന്റെ വിശ്വസ്തനും നഗരസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ഡി.ആര്‍.അനിൽ, വാര്‍ഡ് കേന്ദ്രീകരിച്ച വാട്സാപ്പ് ഗ്രൂപ്പിലിട്ട മേയറുടെ കത്താണ് ആദ്യം പുറത്തുവന്നത്. പ്രതിരോധത്തിലായ ആനാവൂര്‍, കത്തിന്റെ ആധികാരികത തള്ളാതെ മേയറെ പ്രതിക്കൂട്ടിലാക്കി. തൊട്ടുപിന്നാലെ ഡി.ആര്‍.അനിലിന്റെ സമാനമായ കത്തും പുറത്തുവന്നു. വിവാദത്തെ ഗൗരവമായി തന്നെയാണ് സിപിഎം നേതൃത്വം കാണുന്നത്. നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കി തൽക്കാലം തടിയൂരാനാണ് നീക്കം. ഗൗരവമായ അന്വേഷണം ഉണ്ടാകും. സര്‍വകലാശാലകളിലെ ബന്ധു നിയമനം അടക്കം വിവാദങ്ങൾ പാര്‍ട്ടിയെ പിന്തുടരുന്നതിനിടെ കോര്‍പ്പറേഷൻ ഭരണസമിതിയെ ആകെ പ്രതിസന്ധിയിലാക്കിയ വിഭാഗീയ നീക്കങ്ങളിൽ വരും ദിവസങ്ങളിൽ നടപടിക്കും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam