
തിരുവനന്തപുരം: നന്ദിയോട് നീന്തല്‍ക്കുളത്തിലെ പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് വൈറസ് ബാധ എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി. ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഫുഡ് അനലിസ്റ്റ് നീന്തല്‍ക്കുളത്തിലെ ജലം പരിശോധന നടത്തി സ്വിമ്മിംഗ് പൂളിലേയും അതിനോട് അനുബന്ധിച്ചുള്ള കിണറിലേയും ജലം തൃപ്തികരമാണെന്ന് പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഷറഫലി വ്യക്തമാക്കി.
യു. ഷറഫലി പറഞ്ഞത്: ''തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ 17 വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന നീന്തല്‍ പരിശീലനകേന്ദ്രമാണ് നന്ദിയോട്. ദേശീയ അന്തര്‍ദ്ദേശീയ തലത്തില്‍ നേട്ടങ്ങള്‍ കൈവരിച്ച നിരവധി നീന്തല്‍ താരങ്ങള്‍ നന്ദിയോട് സ്വിമ്മിംഗ് പൂളിന്റെ സംഭാവനയാണ്. നീന്തല്‍ക്കുളത്തിലെ വെള്ളം ശുദ്ധീകരിക്കുന്നതിനായി ആധുനിക രീതിയിലുളള സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ വര്‍ഷം നന്ദിയോട് സ്വിമ്മിംഗ് പൂളില്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ ഏതാനും കായിക താരങ്ങള്‍ക്ക് പനി പിടിക്കുകയും അതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിക്കുകയുമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ഫുഡ് അനലിസ്റ്റ് നീന്തല്‍ക്കുളത്തിലെ ജലം പരിശോധന നടത്തി സ്വിമ്മിംഗ് പൂളിലേയും അതിനോട് അനുബന്ധിച്ചുള്ള കിണറിലേയും ജലം തൃപ്തികരമാണെന്ന് പരിശോധന ഫലം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.''
നന്ദിയോട് നീന്തല്‍ക്കുളത്തില്‍ പരിശീലനം നടത്തിയ കുട്ടികള്‍ക്ക് വ്യാപകമായി വൈറസ് ബാധയുണ്ടായിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ളവര്‍ ഇന്നലെ പറഞ്ഞിരുന്നു. നടത്തറ മുതല്‍ വിതുര വരെയുള്ള പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് വൈറസ് ബാധയുണ്ടായി. പലര്‍ക്കും രോഗം ഗുരുതരമായി. ചിലര്‍ ഇപ്പോഴും ചികില്‍സയിലാണെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം മുരളീധരന്‍ പറഞ്ഞിരുന്നു.