സ്പ്രിംക്ലറിൽ വിട്ടുവീഴ്ചക്കില്ലാതെ സിപിഐ; കൊവിഡിന് ശേഷം ചര്‍ച്ച ഉറപ്പ് നൽകി സിപിഎം

By Web TeamFirst Published Apr 23, 2020, 3:09 PM IST
Highlights

കൊവിഡിന് ശേഷം  ഇതെല്ലാം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ വിവാദത്തിനില്ലെന്നാണ് സിപിഎം നിലപാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പുമൊക്കെ നടക്കാനിരിക്കെ ഇടത് നിലപാടുയര്‍ത്തി പ്രതിഷേധിച്ചു എന്ന ആശ്വാസത്തിനപ്പുറം സിപിഐ ക്ക് മറ്റൊന്നും ചെയ്യാനുമാകില്ല.

തിരുവനന്തപുരം: അതൃപ്തി അറിയിച്ച് സിപിഐ രംഗത്തെത്തിയതോടെ സംപ്രിംക്ലര്‍ വിവാദത്തിൽ ഇടത് മുന്നണിയിൽ മുറുമുറുപ്പ്. ഏത് അത്യാഹിത ഘട്ടത്തിലായാലും പാര്‍ട്ടി നിലപാടില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്ന ഉറച്ച നിലപാട് ആവര്‍ത്തിക്കുകയാണ് സ്പ്രിംക്ലര്‍ വിവാദത്തിലെ എതിര്‍പ്പിലൂടെ സിപിഐ നേതൃത്വം. പൗരന്‍റെ സ്വകാര്യതയും, വ്യക്തിവിവരങ്ങളും പ്രധാനമെന്ന പാര്‍ട്ടി നിലപാടില്‍ വിട്ട് വീഴ്ചക്കില്ലെന്ന്  സൂചന നല്‍കുമ്പോള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്ത വിഷയമായി സിപിഎം ഇിതിനെ കാണുന്നില്ല. ഇപ്പോഴത്തെ ആപത്ഘട്ടം കഴിഞ്ഞാൽ ഗൗരവമായ ചര്‍ച്ചയുണ്ടാകുമെന്നാണ് സിപിഎം സിപിഐക്ക് നൽകുന്ന ഉറപ്പ്.

യുഎപിഎ, മാവോയിസ്റ്റ് വേട്ട, ഇപ്പോള്‍ ഡാറ്റാവിവാദം. സിപിഐ എതിര്‍ക്കുന്നതെല്ലാം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിനെതിരെയുള്ള സര്‍ക്കാര്‍ നീക്കങ്ങളെയാണ്. നേരത്തെ തോമസ് ചാണ്ടിക്കെതിരായ അഴിമതിക്കേസില്‍ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയപ്പോള്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച് സിപിഐ പ്രതിഷേധിച്ചിരുന്നു. സിപിഎം സിപിഐ ബന്ധം ഉലഞ്ഞ ഈ ബഹിഷ്കരണത്തിന് ശേഷം ഇരുപാര്‍ട്ടികളുടെയും ദേശീയ നേതൃത്വങ്ങള്‍ ഇടപെട്ട് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പിന്നീടാണ് യുഎപിഎ മാവോയിസ്റ്റ് വേട്ട വിഷയങ്ങളി‍‍ല്‍ രണ്ട് പാര്‍ട്ടികളും പരസ്യമായി ഏറ്റുമുട്ടിയത്.

പക്ഷേ സിപിഎമ്മിന്‍റെ തീരുമാനങ്ങള്‍ക്കപ്പുറം ഒന്നും നടന്നില്ല.ഡാറ്റാ വിവാദത്തില്‍ സിപിഐ നിലപാട് കടുപ്പിക്കുമ്പോള്‍ ഇതും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. ഇടതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ അവരുടെ ആശങ്ക അവര്‍ പങ്കു വക്കുന്നു, ഇതേ വിഷയം സിപിഎമ്മിനുമുണ്ട് , കൊവിഡിന് ശേഷം  ഇതെല്ലാം ചര്‍ച്ച ചെയ്യും. പക്ഷേ ഇപ്പോള്‍ വിവാദത്തിനില്ല ഇതാണ് സിപിഎം നിലപാട്. എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകാത്ത വിഷയമൊന്നും സിപിഐക്കില്ലെന്നും സിപിഎം പറയുന്നു.പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പുമൊക്കെ നടക്കാനിരിക്കെ ഇടത് നിലപാടുയര്‍ത്തി പ്രതിഷേധിച്ചു എന്ന ആശ്വാസത്തിനപ്പുറം സിപിഐ ക്ക് മറ്റൊന്നും ചെയ്യാനുമാകില്ല.

click me!