സ്പ്രിംക്ലര്‍ കരാര്‍: ആര്‍ക്കാണ് തൊലിക്കട്ടി കൂടുതൽ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

By Web TeamFirst Published May 22, 2020, 12:51 PM IST
Highlights

തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ പോലെയായി കാര്യങ്ങൾ. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായില്ല. 

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറിൽ മലക്കം മറിഞ്ഞ സര്‍ക്കാര്‍ നിലപാട് പ്രതിപക്ഷ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയിൽ സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞതെല്ലാം പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളാണ്. കരാറിലെ അഴിമതി പ്രതിപക്ഷം പറഞ്ഞില്ലായിരുന്നെങ്കിൽ ആരും അറിയാതെ തുടര്‍ന്നേനെ എന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ പോലെയായി കാര്യങ്ങൾ. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ആരോപിച്ചു. 

പ്രതിപക്ഷം ഉന്നയിച്ച ശേഷമാണ് രേഖകൾ ഉണ്ടാക്കുന്നത്. ഒരു വിധത്തിലുള്ള ചർച്ചയും ഒരു സമിതികളിലും ഉണ്ടായിട്ടില്ല. കൊവിഡിന്‍റെ മറവിൽ പൗരാവകാശങ്ങളെ ധ്വംസിക്കുന്ന ലോകത്തിലെ മറ്റ് ഏകാധിപതികളുടെ പാതയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. 

സർക്കാർ സത്യവാങ് മൂലത്തിൽ മുഴുവൻ വൈരുദ്ധ്യമാണ്. അഞ്ച് ലക്ഷം ഡാറ്റ സ്പ്രിംക്ലറിന്‍റെ കൈവശം ഉണ്ടെന്നും അത് നശിപ്പിക്കുമെന്ന് എന്താണ് ഉറപ്പെന്നും രമേശ് ചെന്നിത്തല ചോദിച്ചു.  ഈ കമ്പനിയെ കൊണ്ട് എന്ത് പ്രയോജനം ഉണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

 കരാറുമായി ബന്ധപ്പെട്ട 8 കാര്യങ്ങളിൽ സർക്കാർ പിന്നാക്കം പോയി എന്നാണ് പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നത്. 
വ്യക്തി വിവരം ശേഖരിക്കുന്നത് സ്പ്രിംക്ലര്‍ സെർവറിൽ അല്ല, നേരിട്ട് കൊടുത്തത് ഇപ്പോൾ അനോണിമൈസ് ചെയ്യുന്നു. ഡാറ്റാ ശേഖരിക്കുമ്പോൾ ആളുകളുടെ സമ്മതം വാങ്ങണം എന്ന് വ്യവസ്ഥ വന്നു. ആമസോൺ ക്ലൗഡ് മാറി ഡാറ്റ സിസിറ്റ് സെർവറിലേക്ക് ആയിഡാറ്റ പകര്‍ത്തിയെടുക്കാനുള്ള അധികാരം ഒഴിവാക്കി. ഡാറ്റ അനാലിസിസ് സിഡിറ്റ് ചുമതലയിൽ ആയി. ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിലെ മാനദണ്ഡം മാറിയെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. 

 

click me!