
കോഴിക്കോട്: എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദം അന്വേഷണ സംഘം ടിവി ചാനലിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചു. ചാനലിന്‍റെ നോയ്ഡയിലെ ഓഫീസിൽ നിന്നാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചത്. ദൃശ്യങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. വാർത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴി സംഘം ശേഖരിച്ചു. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തെത്തുടർന്ന് അന്വേഷണം എത്രയും പെട്ടന്ന് തീർക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിർദേശം. ഇതിനെത്തുടർന്ന് അന്വേഷണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.
നേരത്തെ എം കെ രാഘവനെയും പ്രൈവറ്റ് സെക്രട്ടറിയേയും ചേംബറില്‍ വിളിച്ച് വരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ മൊഴിയെടുത്തിരുന്നു. കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. എം കെ രാഘവന്‍ എംപി, പ്രൈവറ്റ് സെക്രട്ടറി ശ്രീകാന്ത് എന്നിവരുടെ മൊഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ല കളക്ടര്‍ വി സാംബശിവറാവു രേഖപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് മൊഴിയെടുത്തത്. വിവാദം സംബന്ധിച്ച് കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പര്യാപ്തമല്ലെന്ന് കണ്ടാണ് വിശദമായ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒളിക്യാമറ ദൃശ്യങ്ങളില്‍ രാഘവന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ചാണ് ജില്ലാവരണാധികാരി കൂടിയായ കളക്ടര്‍ ചോദ്യങ്ങളുന്നയിച്ചത്. വോട്ടര്‍മാര്‍ക്ക് മദ്യം നല്‍കി, തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 20 കോടി രൂപ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളാണ് രാഘവന്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും, ദൃശ്യങ്ങള്‍ വ്യാജമാണെന്നുമുള്ള മുന്‍നിലപാട് രാഘവന്‍ ആവര്‍ത്തിക്കുകയായിരുന്നു.
രാഘവന്‍റെ ഓഫീസ് കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ആളെന്ന നിലക്കാണ് ശ്രീകാന്തിന്‍റെ മൊഴിയെടുത്തത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി വാഗ്ദാനം ചെയ്ത അഞ്ച് കോടി രൂപ ഓഫീസുലേല്‍പിച്ചാല്‍ മതിയെന്ന ഒളിക്യാമറ ദൃശ്യങ്ങളിലെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. പണം സ്വീകരിച്ചിട്ടില്ലെന്നാണ് ശ്രീകാന്ത് വ്യക്തമാക്കിയത്. പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ സാങ്കേതിക പരിശോധന വിവരങ്ങള് റിപ്പോര്‍ട്ടിലുണ്ടാകില്ല. നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും എം കെ രാഘവനെതിരെ അന്വേഷണം നടക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam