Latest Videos

ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസിൽ വിധി ഇന്ന്; ബി നിലവറ തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും

By Web TeamFirst Published Jul 13, 2020, 6:19 AM IST
Highlights

ഗുരുവായൂര്‍ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു. 

ദില്ലി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം ആര്‍ക്ക് എന്നതിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും കോടതിയിൽ നൽകിയിട്ടുണ്ട്. ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ൽ കേരള ഹൈക്കോടതി ഉത്തരവിട്ടത്. അതിനെതിരെ രാജകുടുംബം നൽകിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇന്ന് വിധി പറയുക. ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു. ആദ്യം സ്വകാര്യ ക്ഷേത്രമെന്ന് പറഞ്ഞ രാജകുടുംബം പിന്നീട് നിലപാട് മാറ്റി പൊതുക്ഷേത്രം എന്നാക്കി. 

ഗുരുവായൂര്‍ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു. സമിതിയുടെ അദ്ധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കണം. അതേസമയം എട്ടംഗ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 

ക്ഷേത്രത്തിലെ ബി നിലവറയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് ഇതുവരെ നടത്താത്തത്. ബി നിലവറ തുറന്നാൽ ക്ഷേത്രത്തിന് കേടുപാടുകൾ ഉണ്ടാക്കുമെന്നാണ് രാജകുടുംബത്തിന്‍റെ നിലപാട്. എന്നാൽ ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് മുൻ സിഎജി വിനോദ് റായ് സുപ്രീംകോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ അറിയിച്ചത്. നിലവറ തുറന്ന് കണക്കെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം വ്യക്തമാക്കും. 

അതേസമയം, പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ തിരുവിതാംകൂർ രാജകൊട്ടാരത്തിന് അർഹമായ സ്ഥാനം വേണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി രതീശൻ പ്രതികരിച്ചു. സർക്കാരും രാജകുടുംബവും പൊതുസമൂഹവും ചേർന്ന കൂട്ടായ ഭരണമാണ് ക്ഷേത്രത്തിന്റെ വളർച്ചക്ക് നല്ലതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!