കെണിയില്‍പ്പെടുത്തിയത് സിപിഎം, തുഷാറിന് വേണ്ടി ബിജെപി ചെയ്തത് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരന്‍ പിള്ള

By Web TeamFirst Published Aug 22, 2019, 7:00 PM IST
Highlights

ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് തുഷാറിന്‍റെ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗുഡാലോചനയെന്നും അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമാണ് അറസ്റ്റെന്ന് ആവര്‍ത്തിച്ച ശ്രീധരന്‍ പിള്ള, ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. കൂടാതെ തുഷാറിന്‍റെ അറസ്റ്റുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു. 

തുഷാറിനെ കെണിയിൽ പെടുത്തത് സിപിഎം എന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോൾ അറസ്റ്റിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി. തുഷാറിനെ ജയിലിൽ നിന്ന് ഇറക്കാൻ ബിജെപി എന്തുചെയ്തെന്ന് പുറത്ത് പറയാൻ സൗകര്യമില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. എൻഡിഎയെ തകർക്കാൻ സിപിഎമ്മും  കോൺഗ്രസും ശ്രമിച്ചാൽ നടക്കില്ല. മുഖ്യമന്ത്രിയുടെ വീട്ടിലെ പൂജാമുറിയിൽ പ്രതിപക്ഷ നേതാവും പ്രതിപക്ഷ നേതാവിന്‍റെ പൂജാമുറിയിൽ ഇപ്പോൾ മുഖ്യമന്ത്രിയുമാണെന്നും ശ്രീധരന്‍ പിള്ളയുടെ പരിഹാസം. 

പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക്  ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് ചൊവ്വാഴ്ച തുഷാര്‍ അറസ്റ്റിലായത്. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെ തുഷാറിന് ജാമ്യം ലഭിച്ചു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് മുതിരില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ജയില്‍ മോചിതനായ ശഷം തുഷാര്‍ വെള്ളാപള്ളി പറഞ്ഞു.

click me!