ശ്രീജിവിന്‍റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയെന്ന് സിബിഐ; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീജിത്ത്

By Web TeamFirst Published Sep 4, 2019, 11:18 AM IST
Highlights

കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്‍റേത് കസ്റ്റഡിമരണമല്ല, ആത്മഹത്യയെന്ന് സിബിഐ. ശ്രീജിവിന്‍റെ ആത്മഹത്യാകുറിപ്പും ശാസ്ത്രീയ തെളിവുകളും ചൂണ്ടിക്കാട്ടിയാണ് സിബിഐയുടെ റിപ്പോര്‍ട്ട്. ശ്രീജിവ് ആറ്റിങ്ങലില്‍  താമസിച്ചിരുന്ന ലോഡ്‍ജില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. തിരുവനന്തപുരം സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ശ്രീജിവിന്‍റെ ആത്മഹത്യക്ക് വ്യക്തമായ തെളിവുണ്ടെന്നാണ് സിബിഐയുടെ വാദം. ശ്രീജിവ് സ്റ്റേഷനുളളിൽ വിഷം കഴിക്കുന്നതിന് സാക്ഷിയുണ്ട്. നെയ്യാറ്റിൻകരയിലെയും മെഡിക്കൽ കോളജ് ആശുപത്രിയിലെയും ഡോക്ടർമാരോട് വിഷം കഴിച്ച കാര്യം ശ്രീജിവ് പറഞ്ഞിരുന്നു. കൂടാതെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കുമെന്ന് ശ്രീജിവ് സുഹൃത്തിനോട് പറ‌ഞ്ഞതായും സിബിഐ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ശ്രീജിവിനെതിരെ പൊലീസെടുത്ത മോഷണക്കേസ് കള്ളക്കേസല്ലെന്നും സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. 

അതേസമയം പൊലീസുകാര്‍ക്കുണ്ടായത് ഗുരുതരപാളിച്ചയാണെന്നും സിബിഐയുടെ റിപ്പോര്‍ട്ടിലുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ ദേഹപരിശോധന നടത്താത്തതിന് പൊലീസുകാര്‍ക്കെതിരെ വകുപ്പ്തല നടപടിക്കാണ് സിബിഐ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സിഐ ഗോപൻ, എസ്ഐ ബിജുകുമാർ, ഗ്രേഡ് എസ്ഐ മോഹനൻ, സിവിൽ പൊലീസ് ഓഫീസർ അനിൽ എന്നിവര്‍ക്കെതിരായണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. വിഷം ഒളിപ്പിച്ചിരുന്ന ബാഗ് പ്രതിയുടെ കൈയിൽ സൂക്ഷിച്ചു, കൂടാതെ ശ്രീജിവ് വിഷം കഴിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് രേഖയുണ്ടാക്കിയതായും സിബിഐയുടെ കണ്ടെത്തല്‍.

എന്നാല്‍ സിബിഐ അന്വേഷണം ഒത്തുകളിയാണെന്നാണ് ശ്രീജിവിന്‍റെ സഹോദരന്‍ ശ്രീജിത്തിന്‍റെ ആരോപണം. ശ്രീജിവിന്‍റേത് കൊലപാതകമാണ്, സുപ്രീംകോടതിയെ സമീപിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു. തങ്ങളിൽ നിന്ന് മൊഴിയെടുക്കുകയോ തെളിവ് ശേഖരിക്കുകയോ സിബിഐ ചെയ്തിട്ടില്ലെന്നും ശ്രീജിത്ത് പറയുന്നു. സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വളരെക്കാലം ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്തിരുന്നു. പിന്നീട് സിബിഐ അന്വേഷണം അംഗീകരിച്ചതോടെ  സമരം അവസാനിപ്പിച്ചെങ്കിലും വീണ്ടും സെക്രട്ടേറിയറ്റിന് മുമ്പില്‍ ശ്രീജിത്ത് സമരവുമായെത്തുകയായിരുന്നു.

2014 മേയ് 19 നാണ് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. പിന്നീട് മേയ് 21 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ശ്രീജിവ് മരിച്ചു. ശ്രീജിവിന്‍റേത് കസ്റ്റഡി മരണമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ശ്രീജിവ് ആത്മഹത്യ ചെയ്തെന്നായിരുന്നു തുടക്കംമുതല്‍ പൊലീസിന്‍റെ ഭാഷ്യം.

click me!