ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്

Published : Dec 20, 2025, 10:46 AM IST
v d satheesan pinarayi on sreenivasan

Synopsis

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ പറഞ്ഞു

തിരുവനന്തപുരം: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അനുസ്മരിച്ചു. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമാണ് ശ്രീനിവാസന്‍റെ വേര്‍പാടെന്ന് മുഖ്യമന്ത്രി അനുസ്മരണ കുറിപ്പിൽ പറഞ്ഞു. ചലച്ചിത്രത്തിന്‍റെ സമസ്ത രംഗങ്ങളിലും നായക സ്ഥാനത്ത് എത്തിയ പ്രതിഭയാണ് മറയുന്നത്. പച്ച മനുഷ്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല. സിനിമയിൽ നിലനിന്നുപോന്ന പല മാമൂലുകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചുവടുവെച്ചത്. താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനത്തിന് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ സരസമായി അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തന്‍റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസനെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസിൽ എക്കാലവും മായാതെ നിൽക്കും. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി കൂടി ഒരു നഷ്ടമാണ് ശ്രീനിവാസന്‍റെവിയോഗം ഉണ്ടാക്കുന്നത്. ഒരു അഭിമുഖത്തിനായി ഞങ്ങൾ ഒരുമിച്ചിരുന്നതും നർമ്മമധുരമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം മനസ്സിൽ സ്ഥാനം ഉറപ്പിച്ചതും ഓർമിക്കുന്നു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്‍റെ സൗഹൃദത്തിന്‍റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

സരസമായ ഭാഷയിലൂടെ സമൂഹത്തിലെ യഥാര്‍ഥ്യങ്ങള്‍ വിളിച്ചുപറഞ്‍ കഴിവുറ്റ കലാകാരനായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അനുസ്മരിച്ചു. കാലത്തിനു മുമ്പേ നടന്നയാളാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ സിനിമയിലെ ഉദ്ധരണികൾ കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിലും ഉപയോഗിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ ഇരിക്കുമ്പോളാണ് അപ്രതീക്ഷിത വിയോഗമെന്നും വിഡി സതീശൻ പറഞ്ഞു.

 

അനുസ്മരിച്ച് നേതാക്കള്‍

 

ശ്രീനിവാസനുമായി വ്യക്തിപരമായ അടുപ്പം ഉണ്ടായിരുന്നുവെന്ന് എംകെ മുനീര്‍ അനുസ്മരിച്ചു. ബുദ്ധിപരമായി സിനിമയെ സമീപിച്ച വ്യക്തിയായിരുന്നു ശ്രീനിവാസസെന്നും എംകെ മുനീര്‍ അനുസ്മരിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പറയുമ്പോഴും മനസ് നിറയെ പുതിയ ലോകം രൂപപ്പെടണം എന്ന് ശ്രീനിവാസൻ ആഗ്രഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അനുസ്മരിച്ചു. അങ്ങനെയൊരു മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്. എത്ര ഗൗരവമുള്ള വിഷയവും സരസമായി അവതരിപ്പിച്ച അതുല്യ പ്രതിഭാ ശാലിയാണ് അദ്ദേഹം. സാധാരണ മനുഷ്യരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കാൻ കഴിവുള്ള പ്രതിഭയാണ്. സംസ്കാര ചടങ്ങുകൾ സർക്കാർ ബഹുമതികളോടെ നടക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

മലയാള സിനിമ രംഗത്ത് ഒരുപാട് സംഭാവനകൾ നൽകിയ വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ഇപി ജയരാജൻ അനുസ്മരിച്ചു. വ്യക്തിപരമായി ഏറെ അടുത്ത ബന്ധമുണ്ട്. അടുത്ത സുഹൃത്ത് ബന്ധം വെച്ചു പുലർത്തിയ കലാകാരനായിരുന്നുവെന്നും നിര്യാണത്തിൽ ദുഃഖവും വേദനയും രേഖപ്പെടുത്തുന്നുവെന്നും ഇപി ജയരാജൻ പറഞ്ഞു. ശ്രീനിവാസന്‍റെ വിയോഗം സിനിമ ലോകത്തിനു വലിയ നഷ്ടമാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അനുസ്മരിച്ചു. ഭാവനാ സമ്പന്നമായ കഥാപാത്രങ്ങളെയാണ് ശ്രീനിവാസൻ അവതരിപ്പിച്ചത്. കോൺഗ്രസിന്‍റെ ദുഃഖം രേഖപ്പെടുത്തുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നഷ്ടപ്പെടുകയെന്നത് വലിയ സങ്കടം, ഒരുപാട് വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോയവരാണ് ഞങ്ങള്‍'; ശ്രീനിവാസനെ അനുസ്മരിച്ച് മോഹൻലാൽ
വ്യത്യസ്‌തനായൊരു ശ്രീനിവാസൻ: പ്രസ്‌താവനകളും വിവാദങ്ങളും ഇങ്ങനെ