ശ്രീറാം വെങ്കിട്ടരാമൻ വാര്‍ഡിലേക്ക്; ട്രോമാ ഐസിയുവിൽ നിന്ന് മാറ്റാമെന്ന് മെഡിക്കൽ സംഘം

By Web TeamFirst Published Aug 8, 2019, 1:39 PM IST
Highlights

ഇന്ന് ചേര്‍ന്ന മെഡിക്കൽ ബോര്‍ഡാണ് ട്രോമാ ഐസിയുവിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ റിമാന്‍റിലായ ശേഷം  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രോമ ഐസിയുവിൽ തുടര്‍ന്നിരുന്ന ശ്രീറാം വെങ്കിട്ടരാമനെ വാര്‍ഡിലേക്ക് മാറ്റാൻ തീരുമാനം. മെഡിക്കൽ ബോര്‍ഡാണ് തീരുമാനം എടുത്തത്. ആരോഗ്യ നില മെച്ചപ്പെട്ടെന്ന് വിലയിരുത്തിയാണ് വാര്‍ഡിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്നാണ് വിവരം. 

 കേസിൽ റിമാന്‍റിലായിട്ടും ശ്രാറാം വെങ്കിട്ടരാമൻ സ്വകാര്യ ആശുപത്രിയിൽ തുടര്‍ന്നതും, വിവാദങ്ങൾക്ക് ഒടുവിൽ പൂജപ്പുര ജയിലിലേക്ക് അയച്ച ശ്രീറാമിനെ അതേ രാത്രി തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതും എല്ലാം വലിയ വാര്‍ത്തയായിരുന്നു. സര്‍ജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശേഷമാണ് ശ്രീറാമിനെ വീണ്ടും ട്രോമാ ഐസിയുവിൽ ആക്കിയിരുന്നത്. 

കേസിൽ ശ്രീറാം വെങ്കിട്ടരാമന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അടിയന്തരമായി ജാമ്യം റദ്ദാക്കാൻ പറ്റില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. മാത്രമല്ല അപകടമുണ്ടാക്കി മണിക്കൂറുകൾക്ക് ശേഷവും രക്തപരിശോധന പോലും നടത്താൻ തയ്യാറാകാതെ തെളിവ് നശിപ്പിക്കാൻ കൂട്ട് നിന്നതിന് പൊലീസിനെതിരെ അതിരൂക്ഷമായ വിമര്‍ശനവും ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. 

click me!