ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റമില്ല; അന്വേഷണം അട്ടിമറിച്ചെന്ന് ബഷീറിന്റെ കുടുംബം, സർക്കാരിനെതിരെ സതീശൻ

Published : Oct 19, 2022, 03:32 PM IST
ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റമില്ല; അന്വേഷണം അട്ടിമറിച്ചെന്ന് ബഷീറിന്റെ കുടുംബം, സർക്കാരിനെതിരെ സതീശൻ

Synopsis

കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. കേസ് സർക്കാർ വേണ്ട വിധത്തിൽ പരിഗണിച്ചില്ല എന്നും പുനരന്വേഷണം വേണം എന്നും കുടുംബം; സർക്കാർ സംരക്ഷണമൊരുക്കിയതിന്റെ പരിണത ഫലമെന്ന് പ്രതിപക്ഷ നേതാവ്

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് ഇടയാക്കിയത് അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം.  ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സഹോദരൻ അബ്ദുറഹ്മാൻ ആരോപിച്ചു. കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. കേസ് സർക്കാർ വേണ്ട വിധത്തിൽ പരിഗണിച്ചില്ല എന്നും പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടു. കോടതി വിധി പ്രതീക്ഷിച്ചതല്ല. അപ്പീൽ പോകുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നുവെന്നും ബഷീറിന്റെ സഹോദരൻ അബ്ദുറഹ്മാൻ വ്യക്തമാക്കി. എത്രയും പെട്ടന്ന് ബഷീറിന്റെ ഫോൺ കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

പൊലീസും സർക്കാരും ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സർക്കാർ സംരക്ഷണമൊരുക്കിയതിന്റെ പരിണത ഫലമാണ് കോടതിയിൽ നേരിട്ടത്. ബഷീറിന്റേത് കൊലപാതകമാണ് എന്നാണ് താൻ പറയുക എന്നും സതീശൻ പറഞ്ഞു. ഇതിനിടെ, ബഷീറിനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. 

ശ്രീറാം മദ്യപിച്ച് വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വ്യക്തമാക്കിയാണ്  കൊലക്കുറ്റം കോടതി ഒഴിവാക്കിയത്. ഇതോടെ മനഃപൂർവ്വമല്ലാത്ത നരഹത്യാ കുറ്റം  മാത്രമാണ് ശ്രീറാം വെങ്കിട്ടരാമന് മേൽ നിലനിൽക്കുക. വഫ ഫിറോസിനെതിരെ പ്രേരണാക്കുറ്റം മാത്രം നിലനിൽക്കും. മനഃപൂർവമായ നരഹത്യ വകുപ്പ് (304 - 2) അടക്കം പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങളാണ് ഒഴിവായത്. പകരം അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കി എന്ന വകുപ്പ് (304-എ )ചുമത്തി. ഇതിനൊപ്പം അലക്ഷ്യമായി വാഹനമോടിച്ചതിനുള്ള  വകുപ്പ് 279, MACT 184 എന്നീ  വകുപ്പുകളിൽ വിചാരണ നേരിട്ടാൽ മതി. കൂടെയുണ്ടായിരുന്ന വഫയ്ക്കെതിരെ വകുപ്പ്  188 അഥവാ പ്രേരണാക്കുറ്റം മാത്രം. നിർണായകമാകേണ്ടിയിരുന്ന, ശ്രീറാം മദ്യപിച്ചു എതിനുള്ള തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗൗരവമുള്ള വകുപ്പുകൾ ഒഴിവായതോടെ വിചാരണ സെഷൻസ് കോടതിയിൽ നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റി. അടുത്ത മാസം 20ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം.  

മദ്യപിച്ച് വാഹനമോടിച്ച് കെ.എം.ബഷീറിനെ ഇടിച്ച് കൊലപ്പെടുത്തിയിട്ടും, പത്ത് മണിക്കൂറിന് ശേഷം മാത്രമാണ് പൊലീസ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്തിയത്. ഇതോടെ തെളിവില്ലാതായി. ആദ്യം വാഹനമോടിച്ചത് ശ്രീറാമല്ല, വഫയാണെന്ന് വരെ പൊലീസ് കള്ളക്കഥ ചമച്ചു.  ഡോക്ടർ കൂടിയായ പ്രതി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അത് കൊണ്ടാണ് മദ്യപിച്ചതിന്റെ തെളിവ് കിട്ടാത്തതെന്നും വാദിച്ചു. ഇത് കോടതി അംഗീകരിച്ചില്ല. 

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ