'ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്ത്, വിട്ടുവീഴ്ചയുണ്ടാവില്ല'; ശ്രീറാമിന്‍റെ നിയമനത്തില്‍ മുഖ്യമന്ത്രി

By Web TeamFirst Published Jul 26, 2022, 7:23 PM IST
Highlights

മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ (K M Basheer) വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായതിനെ സംബന്ധിച്ച ചോദ്യങ്ങളില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികമാണ്. ബഷീര്‍ നമ്മുടെയെല്ലാം സുഹൃത്താണ്. എന്നാല്‍, സര്‍ക്കാര്‍ സര്‍വ്വീസിന്‍റെ ഭാഗമായി ഇരിക്കുന്ന ഒരാള്‍ ഓരോ ഘട്ടത്തിലും ഓരോ ചുമതല വഹിക്കേണ്ടി വരും.

അതിന്‍റെ ഭാഗമായി ചുമതല നല്‍കിയിരിക്കുകയാണ്. ബഷീറിന്‍റെ കേസില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. കൂടുതല്‍ ശക്തമായ നടപടികള്‍ മാത്രമേ സ്വീകരിച്ചിട്ടൂള്ളൂ. ഇനിയും അത് തുടരും. മറ്റ് കാര്യങ്ങളില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ എന്തെങ്കിലും വീഴ്ച വരുന്നുണ്ടോ എന്നാണ് നോക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, വിവാദങ്ങള്‍ക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു.

സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ രേണുരാജിൽ നിന്നാണ് ചുമതലയേറ്റത്. ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് പതിനൊന്നരയോടെ കളക്ടറേറ്റിലെത്തി ചുമതലയേറ്റത്. കളക്ടറേറ്റിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ചു. ആലപ്പുഴയെ കുറിച്ച് പഠിച്ച് വരികയാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ പ്രതികരിച്ചു.

ആരോഗ്യ വകുപ്പിൽ ജോലി ചെയ്തിരുന്ന സമയത്ത് ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള വിവരങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ ജില്ലാ കളക്ടർ എന്ന പദവിയിലേക്ക് നിയോഗിക്കപ്പെടുന്നത് ആദ്യമായാണ്. തനിക്കെതിരായ പ്രതിഷേധങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ശ്രീറാം പറഞ്ഞു. എന്നാല്‍, മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്.

നിയമനത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് കേരള മുസ്ലിം ജമാ അത്ത് പ്രഖ്യാപിച്ചു. ശ്രീറാമിനെ നിയമനത്തിനെതിരെ കോൺഗ്രസും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കളക്ടറായുള്ള നിയമനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ആലപ്പുഴ ഡിസിസി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു.

സിൽവർ ലൈൻ കേരളത്തിന്റെ നല്ല നാളേക്ക്, കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിച്ചതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ലഭിക്കില്ലെന്ന് പ്രതീക്ഷിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുമതി കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അനുമതി കിട്ടുമ്പോഴേക്ക് സർവേ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തിലാണ് ആ നടപടികളിലേക്ക് കടന്നത്. നിർഭാഗ്യകരമാണ് ഇപ്പോൾ കാണുന്നത്. കേന്ദ്ര സർക്കാരിന് വേണ്ടി സംസാരിക്കുന്ന പലരും ഇത് വരരുതെന്നാണ് പറയുന്നത്. കേന്ദ്രത്തിന്റെ അനുമതിയോടെ മാത്രമേ ഇത് നടപ്പാക്കാനാവൂ. കേരളത്തിന് നടപ്പാക്കാനാവുന്നതാണെങ്കിൽ അത് നേരത്തെ നടപ്പാക്കിയേനെ. കേന്ദ്രം നിലപാട് മാറ്റി പദ്ധതിക്ക് അനുമതി നൽകണമെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നവർ കേന്ദ്ര നിലപാട് തിരുത്തിക്കാൻ ഇടപെടണം. ഇത് നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണ്. ഇത് എൽഡിഎഫിന്റെ പദ്ധതിയായാണ് പലരും കാണുന്നത്. നാടിന്റെ നല്ല നാളേക്ക് വേണ്ടിയുള്ള പദ്ധതിയാണിതെന്ന് അവർ തിരിച്ചറിഞ്ഞാൽ അത് നാടിന് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാതാ വികസനം വൈകാനും കേരളത്തിന് പണം ചെലവാകാനും കാരണം കോൺഗ്രസും ബിജെപിയും: മുഖ്യമന്ത്രി

തിരുവനന്തപുരം:  ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണ്.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയ്യാറാക്കിയത്. 19898 കോടി രൂപ വിതരണം ചെയ്തു.

 

click me!