ശ്രീറാം വെങ്കിട്ടരാമന് ക്ലീൻ ചിറ്റ് ;നിയമനം ആരോഗ്യ വകുപ്പിൽ, കൊവിഡ് സ്പെഷ്യൽ ഓഫീസറാകും

By Web TeamFirst Published Mar 22, 2020, 12:22 PM IST
Highlights

മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറ് കാര്‍ ഇടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായാണ് വകുപ്പ് തല റിപ്പോര്‍ട്ട്. പത്രപ്രവര്‍ത്തക യൂണിയനെ കൂടി വിശ്വാസത്തിലെടുത്താണ് നിയമനമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീര്‍ കാറിടിച്ച് മരിച്ച കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ സര്‍വ്വീസിൽ തിരിച്ചെത്തുന്നു. ആരോഗ്യ വകുപ്പിലേക്കാണ് നിയമനം. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ കൊവിഡ് 19 സ്പെഷ്യൽ ഓഫീസറായാണ് തിരിച്ചെടുക്കുന്നതെന്നാണ് വിവരം. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിൽ ശ്രീറാം കുറ്റക്കാരനെന്ന് പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ വിശദീകരിക്കുന്നത്. 

 കെഎം ബഷീറ് കാര്‍ ഇടിച്ച് മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണത്തിന് തെളിവില്ലെന്ന്  അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ചയ് ഗാർഗ് ഐ എ എസിന്‍റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നിയമനം. കുറ്റക്കാരനെന്ന് തെളിയും വരെ സര്‍വ്വീസിൽ നിന്ന് പുറത്ത് നിര്‍ത്തേണ്ട കാര്യമില്ലെന്ന വിലയിരുത്തലും ഉണ്ട്.  കൂടുതൽ അന്വേഷണം, നടത്താനും കോടതി വിധിയുടെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനമെന്നും പറയുന്നു. പത്ര പ്രവര്‍ത്തക യൂണിയൻ ഭാരവാഹികളെ കൂടി വിശ്വാസത്തിലെടുത്താണ് നിയമനമെന്നും യൂണിയൻ പ്രതിനിധികളോട് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നു. 

സസ്പെൻഷൻ കാലാവധി നീട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെ ശ്രീറാം വെങ്കിട്ടരാമൻ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീര്‍ മരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച് ജീവനെടുത്ത കേസിൽ ഒന്നാം പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമൻ. കാറോടിച്ചില്ലെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിച്ച ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിട്ട് അപകടമുണ്ടാക്കിയിട്ടും പരിശോധനക്ക് വിധേയനാകാനും സമ്മതിച്ചിരുന്നില്ല. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

 

click me!