
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും എസ് എസ് എൽ സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. ഇവർ കേസിൽ പ്രതികളായ സാഹചര്യത്തിലാണ് എസ് എസ് എൽ സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതർ വ്യക്തമാക്കി. നേരത്തെ ഇവരെ എസ് എസ് എൽ സി പരീക്ഷ എഴുതാൻ അനുവദിച്ചത് വലിയ വിവാദമായിരുന്നു. പരീക്ഷാ സെന്‍ററുകളിലേക്കടക്കം വിദ്യാർഥി - യുവജന സംഘടനകൾ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം താമരശ്ശേരിയിൽ സഹപാഠികളുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസ് എഴുതിയ ഏക പരീക്ഷയിൽ ഷഹബാസിന് ലഭിച്ചത് എ പ്ലസ് ആണെന്നും ഇന്നത്തെ എസ് എസ് എൽ സി ഫലം വ്യക്തമാക്കുന്നുണ്ട്. ഇൻഫർമേഷൻ ടെക്നോളജി പരീക്ഷയാണ് ഷഹബാസ് ആകെ എഴുതിയത്. ആ പരീക്ഷയിൽ ആണ് ഷഹബാസിന് എ പ്ലസ് ലഭിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
സംസ്ഥാനത്ത് ഇത്തവണ എസ് എസ് എൽ സി പരീക്ഷയിൽ 99.5 ശതമാനമാണ് വിജയം. 61,449 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ എ പ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയ്ക്കാണ്. റെക്കോർഡ് വേഗത്തിലായിരുന്നു ഇത്തവണ ഫലപ്രഖ്യാപനം. പരീക്ഷ എഴുതിയ 424583 കുട്ടികൾ ഉപരിപഠനത്തിന് അർഹത നേടി. പുനര്‍ മൂല്യ നിര്‍ണ്ണയം സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷ ഈ മാസം 12 മുതൽ 15 വരെ നൽകാം. മെയ് 28 മുതൽ ജൂൺ അഞ്ച് വരെയാണ് സേ പരീക്ഷ. അഞ്ചംഗ അഡ്മിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും ഹയര്‍ സെക്കന്‍ററി പ്രവേശനം. പ്രിൻസിപ്പലും സീനിയർ അധ്യാപകരും അടക്കം 5 പേർ കമ്മിറ്റിയിൽ വേണമെന്നും തീരുമാനമുണ്ട്. പ്രവേശന സമയത്തും അതിന് ശേഷവും സര്‍ക്കാര്‍ അംഗീകരിച്ച തുകക്ക് അപ്പുറം പിരിവ് നടത്തുന്ന പി ടി എ കമ്മിറ്റികൾക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എസ് എസ് എൽ സി പരീക്ഷയിൽ ഇക്കുറി വിജയ ശതമാനം കുറഞ്ഞതിൽ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. വിജയശതമാനം കുറഞ്ഞ 10 സർക്കാർ എയ്ഡഡ് സ്കൂളുകളുടെ ലിസ്റ്റ് എടുത്തെന്നും ഇക്കാര്യത്തിൽ പ്രത്യേക പരിശോധന നടത്താൻ നിർദ്ദേശം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ അന്വേഷണം നടത്തണം. എന്തുകൊണ്ട് വിജയശതമാനം കുറഞ്ഞുവെന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തേക്കാൾ .19 വിജയ ശതമാനമാണ് ഇത്തവണ കുറവുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂറവ് വിജയ ശതമാനം രേഖപ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam