സജീവമാകാനൊരുങ്ങി വിദ്യാഭ്യാസ മേഖല; എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും

By Web TeamFirst Published Nov 26, 2020, 10:21 AM IST
Highlights

മാർച്ച് അവസാനമോ ഏപ്രിലിലോ പൊതുപരീക്ഷ നടത്തിയേക്കും. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി വിലയിരുത്തി സ്കൂളുകൾ തുറന്നിട്ടാകും അന്തിമതീരുമാനം. 
 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധികളെ മറികടന്ന് മെല്ലെ സജീവമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല. എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ ജനുവരിയിൽ തുടങ്ങിയേക്കും. മൂന്ന് മാസം റിവിഷൻ നടത്താനാണ് ആലോചന. മാർച്ച് അവസാനമോ ഏപ്രിലിലോ പൊതുപരീക്ഷ നടത്തിയേക്കും. തദ്ദേശതെരഞ്ഞെടുപ്പിന് ശേഷമുള്ള സ്ഥിതി വിലയിരുത്തി സ്കൂളുകൾ തുറന്നിട്ടാകും അന്തിമതീരുമാനം. 

പൊതുപരീക്ഷയുളള പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരിയിൽ തുടങ്ങാനാണ് സർക്കാരിന്റെ ആലോചന. ഇത്തവണ പത്താം ക്ലാസിൽ ആകെ 4.95 ലക്ഷം വിദ്യാർത്ഥികളാണുള്ളത്. പന്ത്രണ്ടാം ക്ലാസിൽ 3.65 ലക്ഷം വിദ്യാർത്ഥികളാണുള്ളത്. പത്ത്,12 ക്ലാസുകളെടുക്കുന്ന അധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിലെത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഒരു ദിവസം 50 ശതമാനം പേര്‍ എന്ന രീതിയിലാണ് ഹാജരാകേണ്ടത്.

ജനുവരി മുതൽ മൂന്ന് മാസം റിവിഷൻ നടത്താനാണ് ആലോചന. ജനുവരി 15ന് പത്താം തരം ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കും. ജനുവരി 30ന് പ്ലസ് ടു ഡിജിറ്റൽ ക്ലാസുകൾ പൂർത്തിയാക്കും. മറ്റ് ക്ലാസുകളിൽ പരീക്ഷയില്ലാതെ മുഴുവൻ പേരെയും ജയിപ്പിക്കാനാണ് സാധ്യത. സിലബസ് കുറയ്ക്കാത്ത സാഹചര്യത്തിൽ ഈ ചുരുങ്ങിയ സമയംകൊണ്ട് പഠിപ്പിച്ചുതീരില്ല എന്ന വിലയിരുത്തലാണ് ഓൾ പാസ് എന്നതിലേക്ക് ചർച്ചകൾ നീളുന്നത്.


 

click me!