ശബരിമല സന്നിധാനത്ത് വെള്ളമെത്തിക്കണം; കുന്നാ‌ർ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി

By Web TeamFirst Published May 5, 2019, 8:10 AM IST
Highlights

നീക്കം ചെയ്യുന്ന മണ്ണ് ഡാമിന് സമീപത്ത് തന്നെയാണ് നിക്ഷേപിക്കുന്നത്. മണ്ണ് മാറ്റിയതിന് ശേഷം ഡാമിന്‍റെ ഭിത്തികള്‍ ബലപ്പെടുത്തും.
 

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കുന്ന കുന്നാ‌ർ ഡാമിലെ മണ്ണ് മാറ്റുന്ന ജോലികള്‍ തുടങ്ങി. കഴിഞ്ഞ പ്രളയസമയത്തുണ്ടായ മണ്ണിടിച്ചിലില്‍ പാറകഷ്ണങ്ങളും മണ്ണുംകൊണ്ട് ഡാം നിറഞ്ഞിരുന്നു.

ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കുന്നതിന് വേണ്ടി 1953ലാണ് വനത്തിന് ഉള്ളിലെ കുന്നാർ ഡാം കമ്മീഷൻ ചെയ്യതത്. കഴിഞ്ഞ പ്രളയസമയത്ത് ഉണ്ടായ മണ്ണ് ഇടിച്ചിലിനെ തുടർന്ന് ഡാമിന്‍റെ അവസ്ഥ ദയനീയമായി. മണ്ണും പാറ കഷ്ണങ്ങളും കൊണ്ട് നിറഞ്ഞ് വെള്ളം ശേഖരിച്ച് നിർത്താൻ കഴിയാതെ ആയതോടെയാണ് മണ്ണും പാറ കഷ്ണങ്ങളും മാറ്റാൻ നടപടി തുടങ്ങിയത്. പത്ത് തൊഴിലാളികള്‍ വനത്തില്‍ തങ്ങിയാണ് നവീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നത്. 

പതിനഞ്ച് ദിവസം കൊണ്ട് ജോലികള്‍ പൂർത്തിയാക്കാനാണ് തീരുമാനം. ഡാമില്‍ മണ്ണ് മൂടിയതിനെ തുടർന്ന് ഒഴുകിയെത്തുന്ന വെള്ളം ഡാമിന് സമീപത്തെ കിണറുകളില്‍ നേരിട്ട് സംഭരിച്ചാണ് ഇപ്പോള്‍ സന്നിധാനത്ത് എത്തിക്കുന്നത്. നീക്കം ചെയ്യുന്ന മണ്ണ് ഡാമിന് സമീപത്ത് തന്നെയാണ് നിക്ഷേപിക്കുന്നത്. മണ്ണ് മാറ്റിയതിന് ശേഷം ഡാമിന്‍റെ ഭിത്തികള്‍ ബലപ്പെടുത്തും.

അതേസമയം മറ്റ് നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഒന്നും തന്നെ വനംവകുപ്പ് അനുമതി നല്‍കിയിട്ടില്ല. മുപ്പത് മീറ്റർ നീളവും മുപ്പത് അടി വീതിയും ഉള്ള ഡാമില്‍ പരമാവധി ഇരുപത് ലക്ഷം ലിറ്റർ വെള്ളം വരെ സംഭരിച്ച് നിർത്താൻ കഴിയും. മണ്ണ് മൂടുന്നതിന് മുമ്പ് ദിനം പ്രതി 12 ലക്ഷം ലിറ്റർ വെള്ളം ഇവിടെ നിന്നും സന്നിധാനത്ത് എത്തിച്ചിരുന്നു. ഡാമില്‍ നിന്നും വെള്ളം എത്തിക്കുന്ന കുഴലുകളുടെ വലിപ്പം കൂട്ടിയാല്‍ കൂടുതല്‍വെള്ളം എത്തിക്കാൻ കഴിയുമെന്ന് കാണിച്ച് മാസ്റ്റർ പ്ലാൻ ഉന്നതധികാരസമിതി ഹൈക്കോടതിക്ക് റിപ്പോർട്ട് നല്‍കിയിടുണ്ട്.

click me!