
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ അധിക വിഭവ സമാഹരണവും വരുമാന വര്‍ധനയും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് മുൻതൂക്കമെന്ന് വിവരം. വിവിധ നികുതികളും ഫീസുകളും വര്‍ധിപ്പിക്കുന്നതിനൊപ്പം തനത് വരുമാനം കൂട്ടാൻ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങളാകും ഇത്തവണ ബജറ്റിന്റെ ഹൈലൈറ്റ്.
സാമ്പത്തിക ഞെരുക്കം അതിരൂക്ഷമാണ്. പൊതു സ്ഥിതിക്ക് ഒപ്പം കേന്ദ്ര കടുംപിടുത്തം കൂടിയായതോടെ പദ്ധതികൾ പണമില്ലാതെ നിലയ്ക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. വരുമാനം കൂട്ടാനും ചെലവ് ചുരുക്കാനുമുള്ള കര്‍ശന നടപടികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നിരിക്കെയാണ് നികുതികളും ഫീസുകളും എല്ലാം ബജറ്റിന്റെ പരിഗണനാ പട്ടികയിൽ ഇടം നേടുന്നത്. ഭൂമിയുടെ ന്യായ വില വർധനയിൽ തുടങ്ങി മോട്ടോര്‍ വാഹന നികുതി അടക്കം വിവിധ നികുതി ഇനങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഇത്തവണ ഉണ്ടായേക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് വകയിരുത്തുന്ന വിഹിതം വെട്ടിച്ചുരുക്കി പകരം വരുമാന വര്‍ദ്ധനക്ക് നടപടികൾ വരും. സര്‍ക്കാര്‍ സേവനങ്ങൾക്ക് നിരക്ക് കൂടും. ഇക്കാര്യങ്ങളിലെല്ലാം കാലോചിത പരിഷ്കരണങ്ങൾ ഉണ്ടാകുമെന്ന സൂചന നേരത്തെ തന്നെ ധനമന്ത്രി നൽകിയിരുന്നു.
കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ട 602 കോടിയുടെ അധിക വിഭവ സമാഹരണം കൊണ്ട് ഇത്തവണ പിടിച്ച് നിൽക്കാനാകില്ല. ഭൂമിയുടെ ന്യായവിലയിൽ പ്രതീക്ഷിക്കുന്നത് കുറഞ്ഞത് 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പെട്രോൾ ഡീസൽ നികുതി വര്‍ദ്ധനയിൽ കൈവയ്ക്കാൻ സര്‍ക്കാര്‍ മുതിര്‍ന്നേക്കില്ലെന്നാണ് സൂചന
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam