
തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെയാക്കാനുറപ്പിച്ചും ശനി ഞായര്‍ ദിവസങ്ങളിൽ പ്രഖ്യാപിച്ച ലോക് ഡൗണിൽ ആകെ അടഞ്ഞ് കേരളം. സമ്പൂര്‍ണ ലോക് ഡൗണിൽ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റടക്കമുള്ള നടപടികൾ പ്രഖ്യാപിച്ച് പൊലീസ് കർശന പരിശോധനയാണ് സംസ്ഥാന വ്യാപകമായി നടത്തുന്നത്. അനാവശ്യമായി പുറത്തിറങ്ങിയെന്ന് ബോധ്യമായാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കം നടപടികളിലേക്കും നിയമപാലകര്‍ കടക്കുന്നുണ്ട്.
ഇടയ്ക്ക് അയഞ്ഞിരുന്ന പൊലീസ് ഇന്ന് നിരീക്ഷണ സംവിധാനങ്ങളെല്ലാം ശക്തമാക്കി. പ്രധാന ജംങ്ഷനുകളിലെല്ലാം കർശന പരിശോധനയാണ് നടക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് സംസ്ഥാനത്ത് തുറന്നിട്ടുള്ളത്. ഹോട്ടലുകളിൽ പാഴ്സൽ പോലുമില്ല. ഹോം ഡെലിവറി മാത്രം. എറണാകുളത്ത് ദേശീയപാതയിലെ പരിശോധനയിൽ അനാവശ്യ യാത്രക്ക് പുറത്തിറങ്ങിയവരുടെ വാഹനം പൊലീസ് പിടിച്ചെടുത്തു.
പൊലീസ് മുൻകൂര്‍ അനുമതി വാങ്ങിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. കെഎസ്ആർടിസി ദീർഘദൂര സർവ്വീസും രണ്ട് ദിവസത്തേക്ക് നിർത്തി. ജനം പുറത്തിറങ്ങിയത് ആശുപത്രി കേസുകളടക്കമുള്ള അത്യാവശ്യങ്ങൾക്ക് മാത്രം. തലസ്ഥാനത്ത് മറ്റ് ദിവസങ്ങളേക്കാൾ തിരക്ക് നന്നേ കുറഞ്ഞു. അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വന്നില്ല.
കൊച്ചിയിൽ ദേശീയപാതയിൽ തിരക്ക് കുറവില്ല. പക്ഷെ അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങുന്നതെന്ന് പൊലീസ് ഉറപ്പാക്കുന്നുണ്ട്. വടക്കൻ കേരളത്തിലും സമാനസ്ഥിതിതന്നെയാണ് നിലവിലുള്ളത്. ഇന്നലെ ഇളവുകൾ നൽകി തുറന്ന സ്ഥാപനങ്ങളിലെല്ലാം വൻ തിരക്കായിരുന്നു സംസ്ഥാന വ്യാപകമായി അനുഭവപ്പെട്ടത്. കേസുകൾ കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് വളരെ പതുക്കെയാണ്. 16 വരെ നീട്ടിയ ലോക്ക്ഡൗണിൽ തുടർന്നുള്ള ഇളവുകൾക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വളരെ നിർണായകമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam