കൊവിഡ് വാക്സിൻ സൗജന്യമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

By Web TeamFirst Published Dec 13, 2020, 11:48 AM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. പരാതി കിട്ടിയാൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും

തിരുവനന്തപുരം: കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണൽ വി ഭാസ്കരൻ പറഞ്ഞു. പരാതി കിട്ടിയാൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. മാധ്യമവാർത്തകൾ താൻ കണ്ടു എന്നും അദ്ദേഹം പറഞ്ഞു.

കലാശക്കൊട്ടിലെ ആൾക്കൂട്ടത്തെക്കുറിച്ചും അറിഞ്ഞു. ചില സ്ഥലങ്ങളിൽ അണികളുടെ ആവേശം കൂടിപോയിട്ടുണ്ട്. പൊലീസ് ഉടൻ ഇടപെട്ട് അത് പരിഹരിച്ചിട്ടുണ്ടെന്നും വി ഭാസ്കരൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ നടത്തിയ പ്രഖ്യാപനം പെരുമാറ്റചട്ട ലംഘനമാണെന്നാരോപിച്ച് യുഡിഎഫും ബിജെപിയും രം​ഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരെ പരാതി നൽകുമെന്നും യുഡിഎഫ് കൺവീനർ‌ എം എം ഹസൻ പറഞ്ഞു. 

കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ്, വാക്സിൻ ലഭ്യമായാൽ  സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഇതാണ് വിവാദത്തിലായത്. 

മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ പുറത്ത് വന്നത്. ഇത് ഈ ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ ആരോപണം. 

click me!