
തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ കടുംവെട്ടിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സര്‍ക്കാര്‍. അനുമതി നൽകിയ പദ്ധതികൾക്കുള്ള ധനസമാഹരണം പോലും പ്രതിസന്ധിയിലായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തിൽ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ധാരണ. 82,342 കോടി രൂപയുടെ 1,073 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയിട്ടുള്ളത്.
വായ്പ പരിധിയിൽ കടുംവെട്ട്, പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് സാമ്പത്തിക അവസ്ഥ കൂപ്പുകുത്തിയിട്ടും ഒരിഞ്ച് കനിയാതെ കേന്ദ്രം. അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനിയും സമാഹരിക്കുന്ന തുക സംസ്ഥാനത്തിന്‍റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയെന്ന് മാത്രമല്ല അതിന് കേന്ദ്രം മുൻകാല പ്രാബല്യം കൂടി ഏര്‍പ്പെടുത്തിയതോടെ സമ്പദ്‍വ്യവസ്ഥ നിലയില്ലാക്കയത്തിൽ. കാര്യം ഇത്രയും വിശദീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിൽ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകൾക്ക് കീഴിൽ 62,342 കോടി രൂപയുടെ 1066 പദ്ധതികൾക്ക് നിലവിൽ കിഫ്ബി അനുമതിയുണ്ട്. ദേശീയപാത അതോറിറ്റിക്ക് കൈമാറിയ 5580.74 കോടി അടക്കം 22,877 കോടി രൂപയുടെ 7 ഭൂമി ഏറ്റെടുക്കൽ പദ്ധതികൾക്കും അനുമതിയായിട്ടുണ്ട്. ആകെ അനുവദിച്ച 82342 കോടി രൂപയിൽ ചെലവഴിച്ചത് 27050.85 കോടി രൂപ മാത്രമാണ്. ദേശീയ അന്തര്‍ദേശീയ വിപണിയിൽ നിന്ന് അടക്കം കിഫ്ബി ഇത് വരെ സമാഹരിച്ചത് 23,670.28 കോടി രൂപ. മോട്ടോർവാഹന നികുതിയിനത്തിൽ 11,021.64 കോടിയും പെട്രോളിയം സെസ് ഇനത്തിൽ 3,753.07 കോടിയും കിഫ്ബിയിലേക്ക് എത്തി. അടിക്കടി കേന്ദ്ര നടപടികൾ വരുന്നതോടെ ധനകാര്യ സ്ഥാപനങ്ങൾ വായ്പ നിഷേധിക്കുന്നതും നിലവിൽ കിഫ്ബിക്ക് മുന്നിൽ പ്രതിസന്ധിയാണ്.
എന്നന്നേക്കും നിലനിൽക്കുന്ന ഒരു സംവിധാനമല്ല കിഫ്ബിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. പ്രതീക്ഷിച്ചതിലധികം പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ആവശ്യമായതിന്‍റെ നാലിലൊന്ന് തുകമാത്രമാണ് കയ്യിലുള്ളത്. പദ്ധതികളിൽ മെല്ലെപ്പോക്ക് ആക്ഷേപം നിലനിൽക്കെയാണ് കിഫ്ബിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ സര്‍ക്കാര്‍ ഒരുങ്ങുന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam