
ദില്ലി: മലബാർ ഖനന - റോയൽറ്റി തർക്കത്തിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. മലബാറിലെ ക്വാറികളിൽ നിന്ന് പിരിച്ച റോയൽറ്റി തുക ഭൂവുടമകൾക്ക് തിരികെ നൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. റോയൽറ്റി തിരികെ നൽകേണ്ടി വന്നാൽ സംസ്ഥാന സർക്കാരിന് ഏകദേശം 1,200 കോടി രൂപയുടെ ബാധ്യത വരുമെന്നാണ് കണക്ക്.
2021ലെ കേരള ധാതു അവകാശ നിയമം ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ഹൈക്കോടതി വിധി. സ്വകാര്യഭൂമിയിലെ ഭൂഗർഭ ധാതുക്കളുടെ ഉടമസ്ഥാവകാശം സർക്കാർ ഏറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥ നിയമത്തിലില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 2021 മുതൽ പിരിച്ച റോയൽറ്റി തിരികെ നൽകാനും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി ഗിരി, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മുഹമ്മദ് ഷാ, സ്റ്റാന്റിങ് കോൺസൽ സുൽഫിക്കർ അലി പി എസ് എന്നിവർ ഹാജരായി. ക്വാറി ഉടമകൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായ എം കെ എസ് മേനോനും ഉഷ നന്ദിനിയും ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam