കാലാവസ്ഥ പ്രവചനം കാര്യക്ഷമമാക്കാന്‍ സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

By Elsa Tresa JoseFirst Published Jun 24, 2020, 10:53 AM IST
Highlights

ജൂണ്‍ 19നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ഒരു വര്‍ഷത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ദുരന്ത നിവാരണ ഫണ്ടിന്‍റെ പത്ത് ശതമാനം ഇതിനായി മാറ്റിവയ്ക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്.  

തിരുവനന്തപുരം: കാലാവസ്ഥ പ്രവചനത്തിന് സ്വകാര്യ കമ്പനികളുടെ സഹായം തേടി സര്‍ക്കാര്‍. സ്വകാര്യ കമ്പനികളായ സ്കൈമെറ്റ്, എര്‍ത്ത് നെറ്റ്വര്‍ക്ക്, ഐബിഎം വെതര്‍ കമ്പനി എന്നീ സ്ഥാപനങ്ങളുടെ സഹകരണമാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയിരിക്കുന്നത്. കാലാവസ്ഥ പ്രവചനം കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഈ സ്വകാര്യ കമ്പനികളുമായി ഒരു വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. 

ഒരുവര്‍ഷത്തേക്ക് 95 ലക്ഷം രൂപയ്ക്കാണ് കരാറിലേര്‍പ്പെട്ടിരിക്കുന്നത്. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള പണം കണ്ടെത്തിയിട്ടുള്ളത്. ജൂണ്‍ 19നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിട്ടുള്ളത്. ഒരു വര്‍ഷത്തെ പരീക്ഷണ അടിസ്ഥാനത്തിലാണ് ഇതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ദുരന്ത നിവാരണ ഫണ്ടിന്‍റെ പത്ത് ശതമാനം ഇതിനായി മാറ്റിവയ്ക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്.  പ്രളയകാലത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പുമായുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനമെന്നാണ് സൂചന. ഓഖി ചുഴലിക്കാറ്റിന് പിന്നാലെ മുന്നറിയിപ്പുകള്‍ കൃത്യമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായെന്നും നല്‍കിയ മുന്നറിയിപ്പുകള്‍ പരിഗണിച്ചില്ലെന്നുമുള്ള കാലവസ്ഥാ വകുപ്പും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം ഏറെ വിവാദമായിരുന്നു.

കാലാവസ്ഥാ പ്രവചനത്തിന് സഹായിക്കാന്‍ 15 ഓട്ടോമേറ്റഡ് സ്റ്റേഷനുകളാണ് വകുപ്പിനുള്ളത്. കൂടുതല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം നടപ്പിലായിട്ടുമില്ല. മലയോര മേഖലയെ സംബന്ധിച്ച കാലാവസ്ഥാ പ്രവചനം കാര്യക്ഷമമാവുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നത്. 

click me!