സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് നാല് പുരസ്കാരങ്ങള്‍

By Web TeamFirst Published Feb 12, 2020, 10:42 AM IST
Highlights

ഏഷ്യാനെറ്റ് ന്യൂസിലെ കെ അരുണ്‍കുമാറാണ് മികച്ച റിപ്പോര്‍ട്ടര്‍. ജോഷി കുര്യനും സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്. മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്കാരം ജിമ്മി ജെയിംസിന് ലഭിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ വിജേഷ് ജി. കെ. പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാർഡ്. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ 2018ലെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നാല് അവാര്‍ഡുകള്‍ ലഭിച്ചു. 

ഏഷ്യാനെറ്റ് ന്യൂസിലെ കെ അരുണ്‍കുമാറാണ് മികച്ച റിപ്പോര്‍ട്ടര്‍. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ സ്‌കോളർപ്പിഷ് തുക സൈബർ തട്ടിപ്പിലൂടെ ചിലർ കൈക്കലാക്കുന്ന വാർത്ത പുറത്തു കൊണ്ടുവന്നതിനാണ് അവാർഡ്. റിപ്പോര്‍ട്ടിംഗിന് ഏഷ്യാനെറ്റ് ന്യൂസിലെ ജോഷി കുര്യനും സ്‌പെഷ്യൽ ജൂറി പുരസ്‌കാരമുണ്ട്. ആൾക്കൂട്ടാക്രമണ കേസുകളെയും അതിലെ ഇരകളുടെ ഇന്നത്തെ ജീവിതാവസ്ഥയെയും പിന്തുടർന്ന് ചെയ്ത വാർത്തയാണ് ജോഷി കുര്യനെ പുരസ്‌കാരത്തിനർഹനാക്കിയത്.

മികച്ച ടിവി അഭിമുഖത്തിനുള്ള പുരസ്കാരം ജിമ്മി ജെയിംസിന് ലഭിച്ചു. ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമയുമായി നടത്തിയ അഭിമുഖത്തിനാണ് ജിമ്മി ജെയിംസിന് അവാർഡ്. ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാൻ വിജേഷ് ജി. കെ. പിയ്ക്കാണ് ടിവി ന്യൂസ് ക്യാമറയ്ക്കുള്ള അവാർഡ്. കെഎസ്ആർടിസി ജീവനക്കാരനായ ഗോവിന്ദന്റെ ജീവിതം ചിത്രീകരിച്ചതിനാണ് അവാർഡ്. 

ബൈജു ചന്ദ്രൻ, എസ്. ആർ. സഞ്ജീവ്, നീന പ്രസാദ് എന്നിവരടങ്ങിയ ജൂറിയാണ് ദൃശ്യമാധ്യമ അവാർഡുകൾ നിർണയിച്ചത്. പുരസ്‌കാരങ്ങൾ ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.


 

click me!