
കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ രണ്ടാനമ്മ അനീഷ കൊലപ്പെടുത്തുമെന്ന് കരുതിയിരുന്നില്ലെന്ന് കുട്ടിയുടെ പിതാവ് അജാസ് ഖാൻ. രണ്ട് മക്കളെയും തല്ലുന്ന ശീലം അനീഷയ്ക്ക് ഉണ്ടായിരുന്നു. കുഞ്ഞിനോട് ഭാര്യയ്ക്ക് ദേഷ്യം ഉണ്ടായിരുന്നു. പക്ഷേ കൊല്ലുമെന്ന് കരുതിയില്ല. കുഞ്ഞിനെ തല്ലരുതെന്ന് അനീഷയോട് നിർദേശിച്ചിരുന്നുവെന്നും അജാസ് ഖാൻ പറഞ്ഞു.
അനീഷ കുട്ടികളെ തല്ലുന്നുവെന്ന് അയൽക്കാരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അജാസ് പറയുന്നു. കുഞ്ഞ് മരിച്ച അന്ന് രാത്രി പത്തരയ്ക്ക് താൻ വീട്ടിലെത്തിയിരുന്നു. അപ്പോൾ സംശയം ഒന്നും തോന്നിയില്ല. വീണ്ടും പണി സ്ഥലത്തേക്ക് പോയി. ജോലികഴിഞ്ഞ് ഒരു മണി സമയത്താണ് മടങ്ങിയെത്തിയത്. അപ്പോൾ കുട്ടി ഉറങ്ങുകയായിരുന്നു എന്നാണ് കരുതിയത്. രാവിലെ അനീഷ തന്നെയാണ് കുഞ്ഞ് എഴുന്നേൽക്കുന്നില്ല എന്ന് പറഞ്ഞ് നിലവിളിച്ചതെന്നും അജാസ് പറഞ്ഞു.
അജാസിനു കൊലപാതകത്തിൽ പങ്ക് ഇല്ല എന്നാണ് പൊലീസ് കണ്ടെത്തൽ. ചോദ്യം ചെയ്‌ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു. ആറ് വയസ്സുകാരി മുസ്കാന്‍റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. രാവിലെ 10 മണിയോടെ നെല്ലിമുറ്റം ജുമാ മസ്ജിദിലാണ് ചടങ്ങുകൾ. കേസിൽ അറസ്റ്റിലായ രണ്ടാനമ്മ അനീഷയെ ഇന്ന് വിശദമായി ചോദ്യം ചെയ്യും.
അനീഷ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. കോടതി യുവതിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ വിശദമായി ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ബാഹ്യപ്രേരണ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അനീഷയുടെ ബാധ മാറ്റാമെന്ന് വാഗ്ദാനം ചെയ്ത നെല്ലിക്കുഴി സ്വദേശി നൗഷാദിനെതിരെ ദുർമന്ത്രവാദം പ്രചരിപ്പിച്ചതിന് പ്രത്യേക കേസും പൊലീസ് ചുമത്തിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam