
കൊല്ലം: ചടയമംഗലത്ത് 13 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതിയായ രണ്ടാനച്ഛൻ രാജേഷിനെ പൊലീസ് പിടികൂടി. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് പ്രതിയെ വലയിലാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കൊല്ലം റൂറൽ എസ്.പിയെ നേരിട്ട് വിളിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു. ഉച്ചക്ക് ഒരുമണിയോടെയാണ് രണ്ടാനച്ഛന്‍റെ നടുക്കുന്ന ക്രൂരതയുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. വാർത്ത പുറത്തുവന്ന് രണ്ട് മണിക്കൂറുകൾക്കകം പ്രതി പിടിയിലാകുകയും ചെയ്തു.
ചടയമംഗലം കുരിയോടിൽ കഴിഞ്ഞ രാത്രിയായിരുന്നു നാടിനെ നടുക്കിയ ക്രൂരത അരങ്ങേറിയത്. മദ്യലഹരിയിൽ വീട്ടിലെത്തിയ രാജേഷ് മുറിയിലുണ്ടായിരുന്ന കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് തൂക്കിയെടുത്ത് ഹാളിലെത്തിക്കുകയും, വസ്ത്രം ഊരിമാറ്റി വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുകയുമായിരുന്നു. കുട്ടിയുടെ അമ്മ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞതും ചടയമംഗലം പോലീസ് അന്വേഷണം ആരംഭിച്ചതും. ആദ്യ വിവാഹത്തിലെ മകനോടുള്ള ഇഷ്ടക്കേടാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്നും രാജേഷ് കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്നും അമ്മ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ അടിയന്തരമായി കേസെടുക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സി ഡബ്ല്യു സി) വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശം നൽകിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗും സംരക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam