
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നൽകിയ കത്ത് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി.
നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദറിൽ നടന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണയർപ്പിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിലെ കേസുകൾ നിരുപാധികം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. വിദ്യാർത്ഥികളും യുവജനങ്ങളും സാംസ്കാരിക പ്രവർത്തകരും അടങ്ങുന്ന പൊതുസമൂഹം കേന്ദ്രത്തിനെതിരായ സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്നു. എന്നാൽ, ഈ പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അയ്യായിരത്തോളം പേർക്കെതിരെ കേരള പോലീസ് കേസെടുത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാർക്കെതിരായ എല്ലാ കേസുകളും പിൻവലിക്കുമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിട്ടും, കേരളത്തിലെ യുഡിഎഫ് സർക്കാർ സമാനമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിലെ പ്രതിഷേധത്തിൽ അണിനിരന്ന ആളാണ് മുഖ്യമന്ത്രി എന്നിരിക്കെ, കേരളത്തിലെ സർക്കാർ ഇത്തരത്തിൽ കേസെടുത്തത് ഔചിത്യപരമല്ലെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിച്ചു. പ്രതിപക്ഷ നേതാവിന്റെ കത്ത് ലഭിച്ചതിനെ തുടർന്ന് ആഭ്യന്തര വകുപ്പിനോട് വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയായിരുന്നു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി,
നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി വിദ്യാർഥികളും യുവാക്കളും നടത്തിയ ഐതിഹാസികമായ പ്രക്ഷോഭം രാജ്യത്തിന്‍റെ പൊതു മനഃസാക്ഷിയുടെയാകെ പിന്തുണ ആര്‍ജിച്ച ഒന്നായിരുന്നുവല്ലോ. കേരളവും ഒറ്റക്കെട്ടായാണ് ആ സമരത്തിന് പിന്തുണ നല്‍കുകയും അതിന്‍റെ ഭാഗമാവുകയും ചെയ്തത്. സമരം ഒത്തുതീര്‍ന്നപ്പോള്‍ മറ്റ് ആവശ്യങ്ങള്‍ക്കൊപ്പം പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. സമരത്തിന്‍റെ പേരില്‍ മറ്റ് പീഡനങ്ങള്‍ ഉണ്ടാവില്ല എന്നും ഉറപ്പ് നല്‍കി. എന്നാല്‍, ആ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പല ജില്ലകളിലും പൊലിസ് കേസെടുത്തിട്ടുണ്ട്. ഈ കേസുകള്‍ പിന്‍വലിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സമാധാനപരമായി സമരത്തില്‍ ഭാഗഭാക്കായ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും യുവാക്കള്‍ക്കെതിരെയും ഡല്‍ഹിയിലേതിന് സമാനമായി സംസ്ഥാനത്ത് ജലപീരങ്കികളും ലാത്തിച്ചാര്‍ജ്ജും ഉണ്ടായി. അതിന്‍റെ തുടര്‍ച്ചയായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിന്‍റെ നിലപാട് തികച്ചും ജനാധിപത്യവിരുദ്ധമായിപ്പോയി. ദില്ലിയില്‍ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവിനൊപ്പം പ്രതിഷേധസമരത്തിനോട് അവിടെ ഐക്യപ്പെട്ടെങ്കിലും അങ്ങ് നേതൃത്വം നല്‍കുന്ന കേരളത്തിലെ സര്‍ക്കാര്‍, ദില്ലി സമരത്തിന് പിന്തുണ നല്‍കിക്കൊണ്ട് ഒത്തുചേര്‍ന്നവര്‍ക്കെതിരെ വ്യാപകമായി കേസെടുത്തത് ഔചിത്യപരമല്ല എന്ന് സൂചിപ്പിക്കുകയാണ്. സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെയും സാംസ്കാരിക കൂട്ടായ്മകളുടെയും ഭാഗമായവര്‍ക്ക് എതിരെ പോലും കള്ളക്കേസുകള്‍ വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയമാണ്. എറണാകുളത്ത് പ്രതിഷേധവുമായി ഒത്തുകൂടിയ റാപ്പര്‍ വേടനും സംഘത്തിനുമെതിരെ കേസെടുത്തതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പോലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറായ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാരിനെതിരെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പ്രതികളാക്കി കേരളത്തില്‍ എടുത്ത കേസുകള്‍ തുടരുന്നത് ഉചിതമല്ല. വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‍റെ പേരില്‍ കേരള പൊലീസ് ചുമത്തിയിട്ടുള്ള മുഴുവന്‍ കേസുകളും നിരുപാധികം പിന്‍വലിക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam