
മൂന്നാർ: ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്റെ മൂന്നാറിലെ അനധികൃത വീട് നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ. റവന്യൂ വകുപ്പാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വീട് നിർമാണത്തെ കുറിച്ചും ഭൂമിയുടെ പട്ടയത്തെ കുറിച്ചും വിശദമായി അന്വേഷിക്കാൻ ദേവികുളം സബ് കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു. എംഎൽഎയുടെ മൂന്നാറിലെ അനധികൃത വീട് നിർമാണത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാർത്തയെ തുടർന്നാണ് നടപടി.
അനുമതിയില്ലാതെ എസ് രാജേന്ദ്രൻ എഎൽഎ വീടിന്‍റെ രണ്ടാംനില നിർമിക്കുന്നുവെന്നായിരുന്നു പരാതി ഉയർന്നത്. മൂന്നാർ ടൗണിന്‍റെ ഹൃദയഭാഗമായ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീട്. മൂന്നാറിൽ എന്ത് നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി നിർബന്ധമാണ് എന്ന ചട്ടം നിലനിൽക്കെയാണ് എംഎൽഎയുടെ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു.
ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമാണ് എംഎൽഎയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam