
തിരുവനന്തപുരം: വിഴിഞ്ഞത്ത് സർക്കാർ ആശുപത്രിക്കകത്ത് വച്ച് ചികിത്സ തേടിയെത്തിയ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് കാലിൽ തെരുവുനായയുടെ കടിയേറ്റത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പ് എടുക്കാനെത്തിയപ്പോഴായിരുന്നു അപർണയ്ക്ക് പട്ടിയുടെയും കടിയേറ്റത്. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം.
അതേസമയം തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. പട്ടികളുടെ ജഡത്തിന്റെ സമീപത്തു നിന്ന് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട് . കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം.
അതേസമയം പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സര്ക്കാരിന്‍റെ ആവശ്യം.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങള്‍ വ്യാപിക്കുമ്പോള്‍ അവറ്റകളെ കൂട്ടത്തോടെ കൊല്ലാന്‍ അനുമതിയുണ്ട്. സമാന രീതിയിലുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്ന് എ ബി സി പദ്ധതിയില്‍ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ മാറ്റിനിര്‍ത്തിയിരുന്നു. മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തതായിരുന്നു കാരണം. ഇതോടെ 8 ജില്ലകളില്‍ എബിസി പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായും തടസപ്പെട്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
മൃഗക്ഷേമ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കേറ്റ് ഉള്ള മറ്റ് ഏജന്‍സികള്‍ സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി അനുകൂല നിലപാട് സ്വീകരിച്ചാലേ സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനാവൂയെന്ന് ജസ്റ്റിസ് സിരിജഗന്‍ വ്യക്തമാക്കി. എബിസി പദ്ധതി താളം തെറ്റിയതാണ് നായ്ക്കള്‍ പെരുകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗനും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തെരുവ് നായ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ഹോട്ട്സ് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവിടം കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ഊര്‍ജ്ജിതമായി നടപ്പാക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘടനകളുടെ സഹായത്തോടെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള പദ്ധതി നടപ്പാക്കി വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam