അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ വാക്സിനേഷനും പരിശോധനയും ശക്തമാക്കി

By Web TeamFirst Published May 23, 2021, 9:55 AM IST
Highlights

മുരുഗളയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മിക്ക ഊരുകളിലും കൊവിഡ് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ അഗളിയും ഷോളയൂരും ട്രിപ്പിള്‍ ലോക്ഡൗണിലാണ്. 
 

പാലക്കാട്: അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ വാക്സിനേഷനും പരിശോധനയും ശക്തമാക്കി ആരോഗ്യ വകുപ്പ്. രോഗ വ്യാപനം കൂടിയ പശ്ചാത്തലത്തിലാണ് നടപടി. മൂന്നു പഞ്ചായത്തുകളിലായി ശരാശരി 35 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 
ഭവാനിപ്പുഴ നീന്തിക്കടന്ന് വേണം മുരഗള ഗോത്ര ഊരിലേക്ക് പരിശോധനയ്ക്കും വാക്സിനേഷനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോവേണ്ടത്. 

അട്ടപ്പാടിയിലെ വിദൂര ഊരുകളില്‍ കോവിഡ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഊരുകളിലെത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയത്. മുരുഗളയില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മിക്ക ഊരുകളിലും കൊവിഡ് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ അഗളിയും ഷോളയൂരും ട്രിപ്പിള്‍ ലോക്ഡൗണിലാണ്. 

പുതൂര്‍, ഷോളയൂര്‍, അഗളി പഞ്ചായത്തുകളിലായി 248 ആദിവാസികളാണ് ഇപ്പോള്‍ കൊവിഡ് ബാധിതര്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത്തിയഞ്ചിന് മുകളില്‍. നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സ്ഥിതി വരുതിയിലാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വാക്സിനേഷന്‍ വേഗത്തിലാക്കി. നാല്പത്തിയഞ്ച് വയസ്സിന് മുകളിലുള്ള നാല്പത്തിയഞ്ച് ശതമാനം ആദിവാസികള്‍ക്കും വാക്സിന്‍ നല്‍കി. 35 ഊരു ക്യാന്പുകള്‍ ഇതിനോടകം നടത്തി. പതിനെട്ടിനുമുകളിലുള്ളവരുടെ വാക്സിനേഷനും തുടക്കമായെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!