കണ്ണൂരിൽ വിദ്യാർത്ഥിക്ക് നടുറോഡിൽ വച്ച് ഓട്ടോ ഡ്രൈവറുടെ മർദ്ദനം; സംഭവം പാനൂർ മുത്താറപ്പീടികയിൽ

By Web TeamFirst Published Mar 2, 2021, 10:49 AM IST
Highlights

സംഭവത്തിൽ പരാതി നൽകിയിട്ടും പാനൂർ പൊലീസ് ഒത്ത് തീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കേസ് വേണോ പറഞ്ഞു തീർത്താൽ പോരെയെന്ന് പൊലീസ് ചോദിച്ചതായി കുട്ടിയുടെ അച്ഛൻ പറയുന്നു.

കണ്ണൂർ: കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. ഓട്ടോ ഡ്രൈവർ കുട്ടിയെ നടു റോഡിലിട്ട് പൊതിരെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മ‍‌ർദ്ദനമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു. മുത്താറപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. 

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർത്ഥിയെ ജിനീഷ് തല്ലിയത്. തല്ലുന്നത് പ്രദേശവാസികളുടെ മുന്നിൽ വച്ചായിരുന്നെങ്കിലും ആരും ആദ്യം ഇത് തടയാൻ ശ്രമിച്ചില്ല. കുറച്ച് നേരത്തിന് ശേഷമാണ് ചിലർ വന്ന് ജിനീഷിനെയും വിദ്യാർത്ഥിയെയും പിടിച്ച് മാറ്റിയത്. കൂടെ പഠിക്കുന്ന പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മർ‍ദ്ദനമെന്ന് അടികിട്ടിയ വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു.

കൂട്ടുകാരിക്കൊപ്പം നടന്ന് വരുമ്പോഴാണ് പ്രകോപനമൊന്നുമില്ലാതെ ജിനീഷ് തന്നെ അടിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. എന്തിനാണ് തല്ലിയതെന്ന് ചോദിച്ചപ്പോൾ ജിനീഷ് ആദ്യം കാരണം പറഞ്ഞില്ലെന്നും അടി കഴിഞ്ഞ ശേഷം ആള് മാറിപ്പോയതാണെന്ന് പറഞ്ഞുവെന്നും മർദ്ദനത്തിനിരയായ കുട്ടി പറയുന്നു. 

സംഭവത്തിൽ പരാതി നൽകിയിട്ടും പാനൂർ പൊലീസ് ഒത്ത് തീർപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. കേസ് വേണോ പറഞ്ഞു തീർത്താൽ പോരെയെന്ന് പൊലീസ് ചോദിച്ചതായി കുട്ടിയുടെ അച്ഛൻ പറയുന്നു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനം കൊണ്ടാണ് പൊലീസിന്റെ ഈ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപമം. എന്നാൽ കേസെടുത്തെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പ്രതികരിച്ചു. 

സിപിഎം മുത്താറിപ്പീടിക എച്ച് എസ് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മുത്താറപ്പീടിക എച്ച് എസ് യൂണിറ്റ് സെക്രട്ടറിയുമാണ് ജിനീഷ്. സംഭവം പരിശോധിക്കുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു. 

click me!