
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാനാവും. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
എസ്എസ്എൽസി പരീക്ഷക്ക് ശേഷം മാർക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളാണ് സർക്കാരിനെ സമീപിക്കുന്നത്. സംസ്ഥാനത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും തുടർ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികളും വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കുന്ന വിദ്യാർത്ഥികളും ഇന്ത്യൻ ആർമിയുടെ അഗ്നിവീർ പോലെ തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കും മാർക്ക് വിവരം ലഭ്യമാക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
മാർക്ക് വിവരം നേരിട്ട് നൽകണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. എസ്എസ്എൽസി പരീക്ഷയിൽ ലഭിച്ച മാർക്ക് വിവരം പരീക്ഷാർത്ഥികൾക്ക് നേരിട്ട് നൽകുന്നതിന് നിലവിലുള്ള നിബന്ധനയിൽ ഇളവ് വരുത്തി. എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം പരീക്ഷാ സെക്രട്ടറിയുടെ പേരിൽ 500/- രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കുന്ന പരീക്ഷാർത്ഥികൾക്ക് മാർക്ക് വിവരങ്ങൾ നൽകുന്നതിനാണ് പരീക്ഷാ കമ്മീഷണറോട് സർക്കാർ ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam