
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അഞ്ച് കിലോ അരി വീതം വിതരണം നാളെ മുതല്‍. അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് 3.30ന് ബീമാപ്പള്ളി യുപി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള 28 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് അരി വിതരണം ചെയ്യുന്നതെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. വിതരണത്തിന് ആവശ്യമായ അരി സപ്ലൈകോ നേരിട്ട് സ്‌കൂളുകളില്‍ എത്തിക്കുന്ന നടപടികള്‍ തുടരുകയാണ്.
ഇതിന്റെ ചെലവുകള്‍ക്കായി സംസ്ഥാന വിഹിതത്തില്‍ നിന്ന് 71,86,000 രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുന്‍പായി അരി വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി അറിയിച്ചു. കേരള സ്‌കൂള്‍ എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ കോവളം ക്രാഫ്റ്റ് വില്ലേജില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ ഇടപെടലുകള്‍ എന്ന ആശയം മുന്‍നിര്‍ത്തി എസ്‌സിഇആര്‍ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആദ്യമായിട്ടാണ് വിദ്യാഭ്യാസ മേഖലയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ കോണ്‍ഫറന്‍സ്.
എല്ലാ നല്ല ആശയങ്ങളെയും വിദ്യാഭ്യാസത്തിനുവേണ്ടി ഉള്‍ക്കൊള്ളിക്കണം. വിദ്യാഭ്യാസ മേഖലയിലെ നൂതനമായ കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യാനും പങ്കുവയ്ക്കാനുമുള്ള വേദി കൂടിയാണ് എഡ്യൂക്കേഷന്‍ കോണ്‍ഗ്രസ് എന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനാണ് വിദ്യാഭ്യാസ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുക. കേരള വിദ്യാഭ്യാസം- ചരിത്രം, വര്‍ത്തമാനം, പുതിയ പ്രതീക്ഷകള്‍ എന്ന വിഷയത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാല വിസി പ്രൊഫ. എം.വി. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തും. ഒന്നാം തീയതി നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഡോ. ബുലകി ഡാസ് കല്ല മുഖ്യാതിഥിയാകും. കര്‍ണാടക, തമിഴ്നാട് സര്‍ക്കാരുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam