
തൃശൂർ: ശാരീരിക വെല്ലുവിളികളെ ഇച്ഛാശക്തി കൊണ്ട് അതിജീവിച്ച തളിക്കുളം സ്വദേശിനി അനീഷ അഷ്റഫ് പ്രത്യേകാനുമതിയോടെ വീട്ടിലിരുന്ന് പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതി. മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിച്ച് ശരീരം തളർന്നിട്ടും, പഠനത്തോടുള്ള അനീഷയുടെ അടങ്ങാത്ത ആഗ്രഹത്തിന് മുന്നിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഇളവ് നൽകുകയായിരുന്നു.
പരീക്ഷാ ഹാളിന് സമാനമായ രീതിയിൽ വീട്ടിൽ ഒരുക്കിയ മുറിയിൽ അനീഷയും ഇൻവിജിലേറ്ററും മാത്രമായാണ് പരീക്ഷ നടന്നത്. പരീക്ഷയുടെ രഹസ്യസ്വഭാവം നിലനിർത്തുന്നതിനും വിശ്വാസ്യത ഉറപ്പാക്കുന്നതിനുമുള്ള കർശന നിർദ്ദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു.
ആരോഗ്യപരമായ പരിമിതികൾക്ക് മുന്നിൽ തളരാത്ത അസാമാന്യ ആത്മവിശ്വാസവും മനോധൈര്യവുമാണ് അനീഷയുടെ ജീവിതത്തോടുള്ള സമീപനം. കേരള സംസ്ഥാന സാക്ഷരതാ മിഷൻ, സാമൂഹികനീതി വകുപ്പ്, സംസ്ഥാന ഭിന്നശേഷി വകുപ്പ് എന്നിവരുടെ നിരന്തര ഇടപെടലുകളെ തുടർന്നാണ് പൊതുപരീക്ഷയുടെ രഹസ്യസ്വഭാവം പരിഗണിച്ച് ആദ്യം ബുദ്ധിമുട്ട് അറിയിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക നടപടി സ്വീകരിക്കാൻ തയ്യാറായത്.
പ്രത്യേകാനുമതി നൽകിയ വിവരം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വീഡിയോ കോൾ മുഖാന്തരം നേരിട്ട് അനീഷയെ അറിയിച്ചു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, അനീഷയുടെ അസാമാന്യ ഇച്ഛാശക്തി മറ്റു വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അഞ്ചാം ക്ലാസ്സിൽ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്ന അനീഷ, 2023-ൽ സാക്ഷരതാ മിഷൻ്റെ പ്രത്യേക ഇടപെടലിലൂടെ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയും വീട്ടിലിരുന്ന് എഴുതി വിജയിച്ചിരുന്നു. 2023-ലെ സംസ്ഥാന ഭിന്നശേഷി അവാർഡും അനീഷയെ തേടിയെത്തിയിരുന്നു. കൂടാതെ, തളിക്കുളം സ്വദേശിയായ അനീഷയ്ക്ക് 2021-ൽ ഭിന്നശേഷി വകുപ്പ് സംഘടിപ്പിച്ച 'ഉണർവ്വ്' എന്ന ഓൺലൈൻ മത്സരത്തിൽ കഥാ രചനാ വിഭാഗത്തിൽ ഒന്നാം സമ്മാനവും ലഭിച്ചിരുന്നു.