"കാവ്യം സുഗേയം" പെയ്തൊഴിഞ്ഞത് മലയാളത്തിന്‍റെ തുലാവർഷ പച്ച

By Web TeamFirst Published Dec 23, 2020, 11:32 AM IST
Highlights

എഴുത്തുകാർ എഴുത്തിയാൽ മാത്രം പോരെന്ന് ഇത്രയും ആധികാരികമായി സാക്ഷ്യപ്പെടുത്തിയ മറ്റൊരു സാഹിത്യപ്രതിഭ മലയാളത്തിന് വേറെയില്ല. കവിതയും പ്രകൃതിയും പെണ്ണും സമരവും ഒന്നിക്കുന്ന കനലും കണ്ണീരും കൊണ്ടെഴുത്തിയ നിരാമയ ചിത്രങ്ങളായി ആ കവിതകൾ തുടർന്നു.

സുഗതകുമാരി മലയാളത്തിൻ്റെ തുലാവർഷ പച്ചയാണ്. പ്രകൃതിക്ക് വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻപേ വിളിച്ചു പറയുന്ന കാട്ടുകിളിയുടെ പ്രവചന സ്വരമാണത്. കനലും കണ്ണീരും കവിതയും പോറ്റി ഉയർത്തിയ എട്ടര പതിറ്റാണ്ടിൻ്റെ കർമ്മസാഫല്യം. അൻപതുകൾക്ക് ഒടുക്കം വരെ കവിയത്രി, എഴുപതുകൾക്ക് ഒടുക്കം തൊട്ടിന്നേ വരെ പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി കലഹിച്ച പോരാളി, തൊണ്ണൂറുകളുടെ തുടക്കം മുതൽ ഉപേക്ഷിക്കപ്പെട്ട ആയിരങ്ങൾക്ക് അത്താണി. ഹൃദയത്തിലും വിരൽത്തുമ്പിലും ആർദ്രമായ കവിത പൂക്കുന്ന ഭക്തമീര.

ബ്രിട്ടൺ വാണ തിരുവിതാംകൂറിലെ സമരതീഷ്ണമായ കാലത്ത് നിന്നും ജ്ഞാനിയായ അച്ഛൻ ബോധേശ്വരൻ്റെ വിരൽ തൊട്ടാരാംഭിച്ച യാത്രയാണ് കവിയത്രിയുടേത്. സ്വന്തം പേരിൽ കവിത പ്രസിദ്ധീകരിക്കാൻ മടിച്ച് ശ്രീകുമാർ എന്ന കള്ളപ്പേരിൽ എഴുതിയ സുഗതകുമാരിക്ക് അന്തർബോധം സഹജമായിരുന്നു. 1950-കളുടെ തുടക്കത്തിൽ ഡോ. എസ്.രാധാകൃഷ്ണൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സമസ്ത കേരള സാഹിത്യപരിഷത്ത് നടത്തിയ കവിതാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീകുമാർ എന്നയാൾക്ക് പിന്നിലെ യഥാർത്ഥ കവിയെ വെളിപ്പെടുത്തിയത് എൻ.വി.കൃഷ്ണവാരിയരാണ്.

അവിടെ നിന്നും അങ്ങോട്ട് സുഗതകുമാരി കവയത്രിയുടെ യാത്ര ആരംഭിച്ചു. എന്നും അതിലൊരു കൃഷ്ണഭാവം ഊറി നിന്നു. ഭക്തിയും സമരവും പ്രണയവും സ്ത്രീത്വവും നാമ്പിട്ട കവിതകളിൽ രാധയും സതിയും ദേവകിയും ഗാന്ധാരിയും എന്നിങ്ങനെ പലയുഗം താണ്ടി വന്ന കാവ്യപ്രതീകങ്ങളായി കവിയത്രിമാറി. അന്തർമുഖത്വം ശീലിച്ച ആ കവിതകൾക്കും ജീവതത്തിനും ഭാവമാറ്റം സംഭവിക്കുന്നത് സൈലൻ്റ് വാലി പ്രക്ഷോഭത്തോടെയാണ്. അവിടെ നിന്നിങ്ങോട്ട് സുഗതകുമാരി പോരാളി കൂടിയായി. ഒരൊറ്റ സമരത്തിലൂടെ മലയാള ഭാവന അതിൻ്റെ പ്രകൃതി ബോധത്തെ വീണ്ടെടുത്തു.

സൈലൻ്റ വാലി മുന്നേറ്റത്തോടെയാണ് സുഗതകുമാരി പോരാളിയായി മാറിയത്. അവിടെ നിന്നും പൂയംകുട്ടിയും ജീരകപ്പാറയും ഒലിപ്പാറയും അച്ചൻകോവിലും പൊന്മുടി കാടുകളും മാവൂരും കൂടംകുളവും പെരിങ്ങോമും ആറന്മുളയും വരെ ആ സമരപരമ്പരകൾ നീണ്ടു. എഴുത്തുകാർ എഴുത്തിയാൽ മാത്രം പോരെന്ന് ഇത്രയും ആധികാരികമായി സാക്ഷ്യപ്പെടുത്തിയ മറ്റൊരു സാഹിത്യപ്രതിഭ മലയാളത്തിന് വേറെയില്ല. കവിതയും പ്രകൃതിയും പെണ്ണും സമരവും ഒന്നിക്കുന്ന കനലും കണ്ണീരും കൊണ്ടെഴുത്തിയ നിരാമയ ചിത്രങ്ങളായി ആ കവിതകൾ തുടർന്നു. ആവർത്തനവിരസമാവാം എങ്കിലും അസഹനീയമാകുമ്പോൾ ഞാൻ വീണ്ടും എഴുത്തുന്നുവെന്ന് കവി തന്നെ സമ്മതിച്ചു പലവട്ടം.

എഴുത്താനും പൊതുസേവനത്തിനും ഇന്നാട്ടിൽ പലരുമുണ്ട് എന്നാൽ ഇവ രണ്ടും ആർദ്രമായി ഇങ്ങനെ സമന്വയിപ്പിച്ച പ്രതിഭകൾ അധികമില്ല. അതിലേറ്റവും ഒടുവിലത്തെ മുന്നേറ്റമാണ് അഭയ. 1985-ൽ ഊളമ്പാറയിലെ മനോരോഗആശുപത്രിയിലെ ദുരവസ്ഥ കണ്ട് മനസ് തളർന്ന കവിയത്രി അശരണർക്ക് മുന്നിൽ വച്ച ഉത്തരമായിരുന്നു അഭയ. തുണ കൈവിട്ട പെണ്ണിന് ഒതുങ്ങിയിരിക്കാൻ അങ്ങനെയൊരു തള്ളച്ചിറകുണ്ടായി. സുഗതകുമാരിയുടെ ജീവിതത്തിന് മൂന്ന് മുഖങ്ങളുണ്ട്.... ഹൃദയത്തെ തൊട്ടാൽ പ്രതിഭ തുളുമ്പുന്ന കാവ്യമുഖം, പ്രകൃതിയെ തൊട്ടാൽ പ്രതിഷേധം തുളുമ്പുന്ന സമരം, ഉപേക്ഷിക്കപ്പെട്ടവർക്ക് മുന്നിൽ സ്നേഹം തുളുമ്പുന്ന അഭയമുഖം... ഒരു വേനലും സ്പർശിക്കാത്ത ആ കനിവും കവിത്വവും ഇനിയുള്ള കാലത്തിന് ജീവിതപാഠമാണ്... ഇനിയൊരിക്കലും അതിന് മരണമില്ല....

click me!