
കോട്ടയം: മദ്യപിച്ച് ബഹളം വച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷൻ ശുചിമുറിയിൽ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യൻ വർഗീസ്, ജി ഡി ചാർജ് എ എസ് ഐ പ്രസാദ് എന്നിവരെ സസ്പെൻറ് ചെയ്തത്. ഇരുവരുടെയും ഭാഗത്തുനിന്ന് ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പ് തല നടപടി. കോട്ടയം എസ് പി ഹരിശങ്കറിന്‍റേതാണ് നടപടി.
മണർകാട് സ്വദേശി നവാസ് ആണ് മണര്‍കാട് പൊലീസ് സ്റ്റേഷന്‍റെ ശുചിമുറിയില്‍ ആത്മഹത്യ ചെയ്തത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. ഇയാള്‍ ഒമ്പത് മണിയോടെ ശുചിമുറിയില്‍ കയറിയത് ആരും കണ്ടിരുന്നുമില്ല. ഏകദേശം ഒന്നരമണിക്കൂറിന് ശേഷം, നവാസിനെ കാണാതായെന്ന് മനസിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ ശുചിമുറിയില്‍ കയറിയതായി വ്യക്തമാകുന്നത്. 10.50നാണ് നവാസ് തൂങ്ങി നിൽക്കുന്നത് പൊലീസ് കണ്ടെത്തുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതും. മരിച്ച നവാസ് ലോക്കപ്പിലായിരുന്നില്ലെന്നതും ലഭിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്.
പൊലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് കോട്ടയം എസ്പി അറിയിച്ചിരുന്നു. മരിച്ചയാൾക്ക് മർദ്ദനമേറ്റിട്ടില്ലെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീംകോടതിയും പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മജിസ്ട്രേറ്റുതല അന്വേഷണം നടത്തും. കസ്റ്റഡി മരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്നതാണ് പൊലീസിന്‍റെ നയം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam