'കേരളത്തിലെ ബിജെപി നേതൃത്വം തമാശയായി മാറി'; 'ഗണപതിവട്ടം' വിവാദത്തില്‍ കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ

By Web TeamFirst Published Apr 12, 2024, 12:08 PM IST
Highlights

ഉത്തരേന്ത്യയിലേത് പോലെ വർഗീയത ഇവിടെ പറയാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകൾ സുരേന്ദ്രൻ പറയുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വസീഫ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

മലപ്പുറം: ഗണപതി വട്ടം വിവാദത്തിൽ വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെതിരെ ഡിവൈഎഫ്ഐ. കേരളത്തിലെ ബിജെപി നേതൃത്വം തമാശയായി മാറിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ് പ്രതികരിച്ചു. ഉത്തരേന്ത്യയിലേത് പോലെ വർഗീയത ഇവിടെ പറയാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം തമാശകൾ സുരേന്ദ്രൻ പറയുന്നത്. കുറച്ച് കോൺഗ്രസുകാർ പാർട്ടിയിൽ വന്നത് കൊണ്ട് എന്തൊക്കെയോ നടക്കും എന്നാണ് ബിജെപി കരുതുന്നത്. ഒന്നും നടക്കാൻ പോകുന്നില്ലെന്നും വസീഫ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

അതേസമയം, സുൽത്താൻ ബത്തേരിയുടെ പേര് 'ഗണപതിവട്ടം' ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നല്‍ക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായാണ് സുൽത്താൻ ബത്തേരി എന്ന പേര് വന്നതെന്നും പേര് മാറ്റം അനിവാര്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേന്ദ്രനെ വിമര്‍ശിച്ച് എല്‍ഡിഎഫും യുഡിഎഫും രംഗത്തെത്തി. താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടം എന്നാക്കുമെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്.

click me!