
കോട്ടയം: കോട്ടയം കോടിമതയിൽ കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റുകൾ അടിച്ചു തകർത്ത സംഭവത്തിൽ പ്രതികരണവുമായി പ്രതി പൊൻകുന്നം സ്വദേശിനി സുലു. ബസിലെ ഡ്രൈവർ അസഭ്യം പറഞ്ഞുവെന്നും ഇതാണ് തന്നെ പ്രകോപിപ്പിച്ചതെന്നും സുലു പറയുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും കെഎസ്ആർടിസി ജീവനക്കാരനെതിരെ പരാതി നൽകുമെന്നും സുലു പറഞ്ഞു. സംഭവത്തെക്കുറിച്ച് സുലുവിന്റെ വിശദീകരണമിങ്ങനെ.
''ഞാനും എന്റെ അമ്മച്ചിയും കൂടെ അമ്മച്ചിയുടെ വീടുവരെ പോയിട്ട് തിരിച്ചുവരികയായിരുന്നു. ഹൈവേയാണ്, മൂന്ന് വണ്ടി പോകാനുള്ള റോഡുണ്ട്. കെഎസ്ആർടിസി നല്ല വേഗതയിലാണ് വന്നത്. കാറിൽ ഉരസിയിട്ട് സൈഡിലെ ഒരു മിറർ അടിച്ച് തെറിപ്പിച്ച് പോയി. ഞാൻ വെട്ടിച്ചില്ലായിരുന്നെങ്കിൽ അവിടെ വലിയൊരു അപകടം നടന്നേനെ. ഇവർ നിർത്താതെ പോയി. ഞാൻ പുറകെ പോയി കാര്യം ചോദിക്കാൻ തുടങ്ങിയപ്പോൾ ഡ്രൈവർ വളരെ മോശമായി സംസാരിച്ചു, അസഭ്യം പറഞ്ഞു. അങ്ങോട്ടുമിങ്ങോട്ടും സംസാരമായപ്പോൾ ഞാൻ ലിവറെടുത്ത് ഹെഡ്ലൈറ്റ് അടിച്ചു പൊട്ടിച്ചു.''
നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവച്ചതിനെ തുടർന്നാണ് സുലുവിന് കോടതി ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിനടക്കം ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവർക്ക് എതിരെ ചുമത്തിയിരുന്നത്. ബസ് കാറിൽ തട്ടിയപ്പോൾ ഉണ്ടായ വൈകാരിക വിക്ഷോഭത്തിൽ സംഭവിച്ചു പോയ അബദ്ധമാണ് അക്രമമെന്ന് സുലു പൊലീസിന് മൊഴി നൽകിയിരുന്നു. ബസ്സിന് ഉണ്ടായ നഷ്ടപരിഹാരം നൽകി പ്രശ്നപരിഹാരത്തിന് തയ്യാറാണെന്ന് സുലുവും കുടുംബവും അറിയിച്ചെങ്കിലും ഒത്തുതീർപ്പിന് കെഎസ്ആർടിസി തയ്യാറായിരുന്നില്ല. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സുലുവിനെ കസ്റ്റഡിയിലെടുത്തത്.
ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ബസിന്റെ ഹെഡ്‌ലൈറ്റ് തകർത്ത യുവതി പിടിയിൽ, ജാമ്യമില്ലാ കേസ്
KSRTC ബസിന്റെ ചില്ലുകൾ തകർത്തതിനെക്കുറിച്ച് സുലു