
തൃശൂർ: ബെംഗളൂരുവിൽ അതിക്രൂരവും പൈശാചികവുമായ മർദ്ദനത്തിന് ഇരയായി ചികിത്സയിലിരിക്കെ മരിച്ചത് കേരളത്തെ ഞെട്ടിച്ച വൻ വെളിപ്പെടുത്തൽ നടത്തിയ യുവതി. കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാക്കപ്പെട്ട ഷെറിൻ, ജയിലിലെ വിഐപി തടവുകാരിയെന്ന് വെളിപ്പെടുത്തൽ നടത്തി സുനിതയാണ് മരിച്ചത്. ഷെറിന് ശിക്ഷാ ഇളവ് നൽകിയ തീരുമാനത്തോടായിരുന്നു പ്രതികരണം. മുൻ ജയിൽ ഡിഐജിയുമായും മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറുമായും ഷെറിനുണ്ടായിരുന്ന ബന്ധങ്ങളെ കുറിച്ചായിരുന്നു സുനിതയുടെ വെളിപ്പെടുത്തൽ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിൻ്റെ തലേദിവസം ബെംഗളൂരുവിൽ വെച്ചാണ് സുനിത ക്രൂര മർദനത്തിന് ഇരയായത്. വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയവേ ഇന്നലെയായിരുന്നു മരണം.
കഴിഞ്ഞ വർഷം 2025 ഫെബ്രുവരി ഏഴിനാണ് സുനിത വൻ വെളിപ്പെടുത്തൽ നടത്തി രംഗത്ത് വന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച (64 ആഴ്ചയും 2 ദിവസത്തിനും ശേഷം) ബെംഗളൂരുവിൽ വെച്ച് ലൈംഗികാതിക്രമം തടയാൻ ശ്രമിക്കുന്നതിനിടെയാണ് ക്രൂര മർദനത്തിന് സുനിത ഇരയായത്. ശരീരമാസകലം പരിക്കേറ്റ അവർ വെൻ്റിലേറ്ററിലായിരുന്നു. ഇന്നലെയായിരുന്നു അന്ത്യം. തെരുവുനായ്ക്കളെ പരിപാലിക്കുന്ന ഷെൽട്ടർ ഹോമിലെ ജോലിക്കായാണ് സുനിതയും മറ്റ് രണ്ട് സ്ത്രീകളും ഇവിടെയെത്തിയത്. ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു സുനിത. ഷെൽട്ടർ ഹോം ഉടമയായ മലയാളി ദീപക് കൃഷ്‌ണനാണ് സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. സുനിതയുടെ തല പിടിച്ച് പ്രതി ചുവരിലും അലമാരയിലും തുടർച്ചയായി ഇടിച്ചെന്നും പരിക്കേറ്റ് നിലത്തുവീണ അവരുടെ നെഞ്ചത്ത് ആവർത്തിച്ച് ചവിട്ടിയെന്നുമാണ് കണ്ടെത്തൽ. സുനിതയെ താൻ മർദിച്ചുവെന്ന് സമ്മതിക്കുന്ന ദീപകിൻ്റേതെന്ന് കരുതുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്.
വാടാനപ്പള്ളി സ്വദേശിയായ സുനിത വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്. ഇവിടെ ഷെറിനൊപ്പമായിരുന്നു സുനിതയും ഉണ്ടായിരുന്നത്. ജയിലിൽ മറ്റ് തടവുകാർക്കുള്ള സൗകര്യമായിരുന്നില്ല ഷെറിനുള്ളതെന്നാണ് സുനിത 2025 ൽ ആരോപിച്ചത്. ഉന്നത ബന്ധങ്ങൾ മൂലം പരോളുകൾ അധികം ലഭിച്ചു, ഗണേഷ് കുമാറുമായി ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിട്ടുണ്ട്. മേയ്ക്കപ്പ് സാധനങ്ങളും ഫോണും ഷെറിന് ജയിലിൽ അനുവദിച്ചു, 2015ൽ ഷെറിൻ്റെ സുഖവാസത്തിനെതിരെ പരാതി നൽകിയിരുന്നു, എന്നാൽ അന്നത്തെ ജയിൽ ഉദ്യോഗസ്ഥർ ഷെറിനെ സംരക്ഷിച്ചു. ജയിൽ ഡിഐജിയായിരുന്ന പ്രദീപിനും ഷെറിനുമായി ബന്ധമുണ്ട്. ഷെറിനെതിരെ പരാതി നൽകിയതിൻ്റെ പേരിൽ ഭീഷണി നേരിട്ടുവെന്നും അവർ ആരോപിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൽ കെബി ഗണേഷ് കുമാർ മന്ത്രിയായ ശേഷമാണ് ഷെറിൻ ശിക്ഷാ ഇളവ് നേടി പുറത്തിറങ്ങിയത്. എന്നാൽ ശിക്ഷാ ഇളവ് നേടുന്നതിന് ആറ് മാസം മുൻപ് കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് വിദേശ തടവുകാരിയ ഷെറിൻ ആക്രമിച്ചിരുന്നുവെന്നും ഈ സംഭവത്തിലും ഷെറിന് അനുകൂലമായാണ് ജയിൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകിയതെന്നും സുനിത ചൂണ്ടിക്കാട്ടിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam