വിപണി ഇടപെടലിന് തുക തികയുന്നില്ല, കുടിശ്ശിക; സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് ഇങ്ങനെ...

Published : Nov 13, 2023, 12:34 PM IST
വിപണി ഇടപെടലിന് തുക തികയുന്നില്ല, കുടിശ്ശിക; സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത് ഇങ്ങനെ...

Synopsis

വിപണി ഇടപെടലിന് തുക മതിയാകുന്നില്ലെന്ന് സപ്ലൈക്കോ ആവർത്തിച്ചെങ്കിലും ഇനി പണം നൽകില്ലെന്ന നിലപാടിലാണ് ധന വകുപ്പ്.

തിരുവനന്തപുരം: സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകയ്ക്കും അപ്പുറം ചെലവാക്കാൻ നിർബന്ധിതമായതോടെയാണ് സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. വിപണി ഇടപെടലിന് തുക മതിയാകുന്നില്ലെന്ന് സപ്ലൈക്കോ ആവർത്തിച്ചെങ്കിലും ഇനി പണം നൽകില്ലെന്ന നിലപാടിലാണ് ധന വകുപ്പ്. 13 ഇന അവശ്യ സാധനങ്ങളുടെ സബ്സിഡി നിരക്ക് കൂട്ടിയതോടെ 1570 കോടി രൂപ കുടിശ്ശിക ഇനി സർക്കാരിൽ നിന്ന് കിട്ടുമോ എന്നതിലും സപ്ലൈക്കോയ്ക്ക് ആശങ്കയുണ്ട്.

നെല്ല് സംഭരണത്തിനും വിപണിയിലെ വില നിയന്ത്രണത്തിനും സംസ്ഥാനത്തെ നോഡൽ ഏജൻസിയാണ് സപ്ലൈക്കോ. പ്രകടന പത്രികയിലെ വലിയ വാഗ്ദാനങ്ങൾ സപ്ലൈക്കോ വഴി നടപ്പിലാക്കി തുടങ്ങിയ സംസ്ഥാന സർക്കാർ, ഒടുവിൽ വലിയ ബാധ്യതയിലേക്ക് പൊതുമേഖലാ സ്ഥാപനത്തെ തള്ളിവിട്ടു.

സബ്സിഡി ഉത്പന്നങ്ങൾ ലഭ്യമാക്കാൻ സപ്ലൈക്കോയ്ക്ക് പ്രതിമാസം 40 കോടി രൂപയാണ് ചെലവ്. ഓണം ഉത്സവകാലങ്ങളിൽ ഇത് 100 കോടി രൂപ വരെയാകും. പ്രഖ്യാപനങ്ങൾ പാലിക്കാൻ കരാറുകാരിൽ നിന്ന് സപ്ലൈക്കോ മുൻകൂറായി ഉത്പന്നങ്ങൾ ലഭ്യമാക്കിയെങ്കിലും ഇവർക്കുള്ള കുടിശ്ശിക 600 കോടി രൂപ എത്തിയതോടെ ഈ വരവ് മുടങ്ങി. സപ്ലൈക്കോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമമായി. വില നിയന്ത്രണത്തിനും വിപണി ഇടപെടലിനും നെല്ല് സംഭരണത്തിനുമായി കഴിഞ്ഞ 30 മാസത്തിനിടെ 7943.26 കോടി രൂപ ധനവകുപ്പ് സപ്ലൈക്കോയ്ക്ക് നൽകിയെന്നാണ് കണക്കുകൾ.

എന്നാൽ ഓരോ വർഷം തുക കുറ‍ഞ്ഞുവന്നു. വിപണി ഇടപെടലിന് 2021ൽ നൽകിയത് 1428 കോടി രൂപ. എന്നാൽ 2022ൽ ഇത് 440 കോടി രൂപയിലേക്ക് ചുരുക്കി. ഈ വർഷം നാല് തവണകളായി നൽകിയത് 190.9 കോടി രൂപ. ഈ വർഷം ബജറ്റിൽ വിപണി ഇടപെടലിന് 190 കോടി രൂപയാണ് ആകെ പ്രഖ്യാപിച്ചത് എന്നിരിക്കെ ആണ് ചെലവ് കൂടിയത്. നെല്ല് സംഭരണത്തിന് ഈ വർഷം നൽകിയത് 60 കോടി രൂപ. കഴിഞ്ഞ വർഷം നൽകിയ 274.36 കോടി രൂപയിൽ നിന്നാണ് പ്രതിസന്ധി കനത്തതോടെ ഈ വെട്ടിചുരുക്കൽ. പല തവണകളിലായി തുക അനുവദിച്ചെങ്കിലും സപ്ലൈക്കോ വക മാറ്റി ചിലവഴിച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയതെന്ന പരാതിയും ധനവകുപ്പിന് ഉണ്ട്. 

ആ ആശ്വാസവും ഇനിയില്ല, സപ്ലൈകോയിലും ജനത്തെ പിഴിയാൻ സർക്കാർ, സബ്സിഡി സാധനങ്ങളുടെ വില കൂട്ടാൻ തീരുമാനം

നേരിട്ടുള്ള പണം കൂടാതെ ബാങ്ക് വായ്‌പയായാണ് 3600 കോടി രൂപ സർക്കാർ ലഭ്യമാക്കിയത്. നെല്ലിന്‍റെ സംഭരണ വിലയിലെ സംസ്ഥാന വിഹിതം, നെല്ല് സംസ്കരിച്ച് ശേഷം അരി റേഷൻ കടകളിൽ വഴി വിതരണം ചെയ്യാനുള്ള ചെലവ്- ഇതെല്ലാം സപ്ലൈക്കോ ചുമലിലാണ്. ഈ വകയിലും മാസങ്ങളായി കോടിക്കണക്കിന് രൂപ സർക്കാർ കുടിശ്ശിക. ഒപ്പം സബ്സിഡി സാധനങ്ങളുടെ സംഭരണവുമാണ് സപ്ലൈക്കോയുടെ നടുവൊടിച്ചത്.

കുത്തനെ കൂടുന്ന ചെലവും സർക്കാർ കുടിശ്ശികയും കുറഞ്ഞ് വരുന്ന ബജറ്റ് വിഹിതവും. സബ്സിഡി നിരക്കിലല്ലെങ്കിൽ പൊതുവിപണിയിലെ മത്സരത്തിൽ വ്യാപാരം കൂടി ഇടിഞ്ഞാൽ സപ്ലൈക്കോ എന്ന സ്ഥാപനത്തിന്‍റെ പ്രവർത്തനത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി ബാധിക്കും.

 

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും