വിലക്കുറവിൽ ഇനി മാസം ഒന്നല്ല, രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ; പച്ചരിയും പുഴുക്കലരിയും എല്ലാ മാസവും,സപ്ലൈകോ ഓഫര്‍ പെരുമഴ വിവരങ്ങൾ

Published : Nov 04, 2025, 09:40 PM IST
SUPPLYCO OFFER

Synopsis

എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ നിരവധി പുതിയ പദ്ധതികളുമായി സപ്ലൈകോ. സബ്സിഡി സാധനങ്ങൾക്ക് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് വൻ വിലക്കുറവും സ്ത്രീകൾക്ക് പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു 

 തിരുവനന്തപുരം: എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബര്‍ 1 ന് തിരുവനന്തപുരത്ത് നടന്നു. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.

കാർഡൊന്നിന് നിലവില്‍ 319 രൂപ നിരക്കില്‍ സപ്ലൈകോ വില്‍പനശാലകളില്‍ ലഭ്യമാകുന്നത് പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണയാണ്. ഇത് 2 ലിറ്ററായി വർദ്ധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/പുഴുക്കലരി നല്‍കി വന്നിരുന്നത് തുടർന്നും സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.

ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക.

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും. സപ്ലൈകോ വില്പന ശാലകളിൽ ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്. ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നങ്ങൾ നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.

വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് (FMCG) 5 ശതമാനം അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ 6 ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും.

ഡിസംബർ 21 മുതൽ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകൾ. 250 കോടി രൂപയുടെ വിൽപ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും . ക്രിസ്മസിനോട് അനുബന്ധിച്ച് കേക്ക് മുതലായ ഉത്പന്നങ്ങൾ വിൽപനശാലകളിൽ ഉറപ്പാക്കും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം