
ദില്ലി: യുവതിപ്രവേശന വിധിക്ക് പിന്നാലെ ശബരിമലയിൽ കയറിയ സ്ത്രീകൾ യഥാർത്ഥ വിശ്വാസികളായിരുന്നോ എന്ന ചോദ്യവുമായി സുപ്രീംകോടതി. യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ്ങ് വാദം ഉന്നയിക്കുന്നതിനിടെയാണ് ജസ്റ്റിസ് നാഗരത്ന ചോദ്യം ഉന്നയിച്ചത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളിൽ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് വാദത്തിനിടെ കോടതി നീരീക്ഷിച്ചു. നിയമത്തെ അനുസരിച്ചവരാണ് ശബരിമല വിഷയത്തിൽ പരാജയപ്പെട്ടതെന്ന് ഇന്ദിര ജയ്സിങ്ങ് പറഞ്ഞു.
ഭരണഘടനാ ബഞ്ചിൽ പത്താം ദിവസം പൂർത്തിയായത് യുവതിപ്രവേശനത്തെ അനൂകൂലിച്ച് മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ് സിങ്ങിൻറെ വാദം. ശബരിമല വിധിക്ക് പിന്നാലെ മലകയറിയ ബിന്ദു അമ്മിണിക്കും കനക ദുർഗയ്ക്കും വേണ്ടിയാണ് താൻ വാദിക്കുന്നതെന്ന് ഇന്ദിര ജയ് സിങ്ങ് വ്യക്തമാക്കിയപ്പോഴാണ് ഇരുവരും യഥാർത്ഥ വിശ്വാസികളാണോ എന്ന് ബെഞ്ചിലെ ഏകവനിത ജഡ്ജി ചോദ്യം ഉന്നയിച്ചത്. രണ്ടു പേരും ഹിന്ദുക്കളാണ്. സർക്കാരിന്റെ സഹായത്തോടെയാണ് മലകയറിയത്. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ വലിയ അതിക്രമം ഉണ്ടായി. ബിന്ദു അമ്മണി കേരളം വിട്ടു. കനകദുർഗയെ കുടുംബം പുറത്താക്കി. ഈ രണ്ടു പേർക്ക് ശേഷം ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ കേരള സർക്കാർ അനുവദിച്ചില്ലെന്ന് അഭിഭാഷക വാദിച്ചു.10 വയസ് മുതൽ 50 വരെയുള്ള വിശ്വാസികൾ മലകയറാൻ താൽപര്യപ്പെടുന്നില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. യഥാർത്ഥ ഭക്തർ കാത്തിരിക്കാൻ തയ്യാറാണെന്നും നാഗരത്ന നീരീക്ഷിച്ചു.
എന്നാൽ ആരെങ്കിലും അക്കാര്യം ആഗ്രഹിച്ചാൽ അത് കുറ്റകൃത്യമല്ലെന്നും ഒരു യുവതിക്ക് ശബരിമലയില്‍ പോകണം എന്നുള്ളത് ആഗ്രഹമല്ല മറിച്ച് സ്വാതന്ത്ര്യം ആണെന്നും ഇന്ദിര ജയ്സ ലിങ്ങ് വാദിച്ചു. പൗരവാകാശത്തിന് മുകളിൽ അല്ല മതസ്വാതന്ത്ര്യം, ഭരണഘടന ധാർമ്മികതയാണ് ഉയർത്തിപ്പിടിക്കേണ്ടതെന്നും ഇന്ദിര ജയ്സിങ്ങ് പറഞ്ഞു. എന്നാൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരങ്ങളെ വീണ്ടും പരിശോധിക്കണ്ടേതില്ലെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. പുരാണങ്ങളിലെ ശബരി സ്ത്രീയാണ് ആ സ്ത്രീയെ ആണ് ഇപ്പോൾ പുറത്ത് നിർത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദിര ജയ സിങ്ങ് വാദം അവസാനിപ്പിച്ചത്. എന്നാൽ ശബരി അൻപതിന് മുകളിലുള്ള സ്ത്രീയാകുമെന്നായിരുന്നു ബഞ്ചിലെ ജസ്റ്റിസ് അരവിന്ദ് കുമാറിൻറെ പരാമർശം. കേസിൽ ഇനി മെയ് 5 നാകും വാദം നടക്കുക. സംസ്ഥാന സർക്കാരിൻറെ വാദം തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമേ ഉണ്ടാകൂ എന്ന് ഇതോടെ വ്യക്തമായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam