സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

By Web TeamFirst Published Mar 5, 2021, 6:31 AM IST
Highlights

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബര്‍ 28നായിരുന്നു എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. ജനുവരി 25ന് ആരോഗ്യ പ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. 

ദില്ലി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയരംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കര്‍ പുറത്തിറങ്ങുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് എൻഫോഴ്സ്മെന്‍റിന്‍റെ പ്രധാനവാദം. ശിവശങ്കറിൽ നിന്ന് അറിയാനുള്ള വിവരങ്ങൾ കിട്ടിയെങ്കിലും അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതിനാൽ ഹൈക്കോടതി വിധി അടിയന്തരമായി റദ്ദാക്കണമെന്നാണ് എഡി ആവശ്യപ്പെടുന്നത്. കേസിൽ എം ശിവശങ്കര്‍ തടസ ഹര്‍ജി നൽകിയിട്ടുണ്ട്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ ഒക്ടോബര്‍ 28-നാണ് എം ശിവശങ്കറിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസിൽ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ ജനുവരി 25ന് ആരോഗ്യ പ്രശ്നങ്ങളടക്കം പരിഗണിച്ച് ഹൈക്കോടതി ജാമ്യം നൽകി. കസ്റ്റംസ് കേസിൽ കൂടി ജാമ്യം കിട്ടി ശിവശങ്കര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് എൻഫോഴ്സ്മെന്‍റ് സുപ്രീംകോടതിയെ സമീപിച്ചത്. 

click me!