
ദില്ലി: അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താൻ കേരളത്തിനായില്ലെന്ന് സുപ്രീം കോടതി വിധി പകര്‍പ്പിൽ വിമര്‍ശനം. കേസ് ഭരണഘടനാ ബഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 10722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശമാണ് സംസ്ഥാനത്തിന് ബോധ്യപ്പെടുത്താൻ കഴിയാതെ പോയത്. സംസ്ഥാനത്തെ ധനകാര്യ മാനേജ്മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തിൽ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാൻ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയിൽ പറഞ്ഞു. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാൽ ധനകാര്യ ചട്ടങ്ങൾ ലംഘിച്ച സംസ്ഥാനങ്ങൾ കൂടുതൽ വായ്പ എടുക്കുന്നതിന് ഇടയാക്കുമെന്നും സുപ്രീം കോടതി ഇന്നത്തെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനങ്ങളുടെ വായ്പ പരിധിയിൽ അനാവശ്യ കൈകടത്തലിന് കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് പറഞ്ഞാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തിൽ ഉൾപ്പെടുത്തിയ കേന്ദ്ര നടപടിയും കേരളം ചോദ്യം ചെയ്തിരുന്നു. കടമെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുന്ന ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥൻ എന്നിവരുൾപ്പെട്ട രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. ഹർജി ഉയർത്തുന്ന ആറ് ചോദ്യങ്ങളാണ് അഞ്ചംഗ ഭരണഘടന ബഞ്ചിന് വിട്ടത്. കടമെടുക്കാനുള്ള സംസ്ഥാന അവകാശത്തിൽ കേന്ദ്രത്തിന് എത്രത്തോളം ഇടപെടാം എന്ന് ഭരണഘടന ബഞ്ച് പരിഗണിക്കും.
പൊതുകടത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നതിലും അഞ്ചംഗ ബഞ്ച് വാദം കേൾക്കും. കൂടുതൽ കടമെടുക്കാനുള്ള ഇടക്കാല ഉത്തരവും കേരളം തേടിയിരുന്നു. എന്നാൽ കോടതി ഇടപെടൽ വഴി കൂടുതൽ സഹായം കേരളത്തിന് ഇതിനകം കിട്ടിയെന്ന് രണ്ടംഗ ബഞ്ച് ചൂണ്ടിക്കാട്ടി. 13600 കോടി രൂപ കേരളത്തിന് കേന്ദ്രം നൽകാൻ തയ്യാറായി. 5000 കോടി കൂടി നൽകാം എന്ന വാഗ്ദാനവും കിട്ടി. ഈ സാഹചര്യത്തിൽ ഇടക്കാല ആശ്വാസത്തിന് ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒരു വർഷം നൽകുന്ന അധിക തുക അടുത്ത വർഷം വെട്ടിക്കുറയ്ക്കാൻ അവകാശമുണ്ടെന്ന കേന്ദ്ര വാദവും കോടതി അംഗീകരിച്ചു. പ്രധാന ഹർജി ഭരണഘടന ബഞ്ചിന് വിട്ടത് ആശ്വാസമായെങ്കിലും തത്കാലം കൂടുതൽ കടമെടുക്കാനുള്ള കേരളത്തിൻറെ നീക്കത്തിന് ഉത്തരവ് തിരിച്ചടിയായി. ഭരണഘടനാ ബഞ്ചിൻറെ തീർപ്പുണ്ടാകുന്നത് വരെ കടമെടുക്കുന്നതിൽ കേന്ദ്ര നിബന്ധന സംസ്ഥാനത്തിന് അംഗീകരിക്കേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam